09 March, 2021 09:38:09 PM
വാളയാർ സഹോദരിമാരുടെ അമ്മ നടത്തുന്ന നീതി യാത്രയ്ക്ക് ജില്ലാ കേന്ദ്രങ്ങളിൽ സ്വീകരണം
തിരുവനന്തപുരം: വാളയാർ കേസിലെ ഭരണകൂടത്തിന്റെ നീതി നിഷേധത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി പെൺകുട്ടികളുടെ അമ്മ കാസർഗോഡ് നിന്നും പാറശ്ശാലയിലേക്ക് നടത്തുന്നു നീതി യാത്രക്ക് വിവിധ ജില്ലാ കേന്ദ്രങ്ങളിൽ സ്വീകരണം നൽകുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷഫീഖ് അറിയിച്ചു.
നീതി യാത്രയോട് വെൽഫെയർ പാർട്ടി സമ്പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. കേരളത്തിലെ സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നുവെന്ന മുദ്രാവാക്യമുയർത്തി കൊണ്ട് നടക്കുന്ന യാത്ര കേരളത്തിലെ ഇടതുപക്ഷ ഭരണകൂടത്തോടുള്ള പ്രതിഷേധം കൂടിയാണ്. വാളയാർ കേസ് അട്ടിമറിച്ച ഡി.വൈ.എസ്.പി സോജൻ, എസ്.ഐ ചാക്കോ എന്നിവർക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് പെൺകുട്ടികളുടെ അമ്മ തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കേണ്ടി വരുന്നത് ജനാധിപത്യ സമൂഹത്തെ ഞെട്ടിക്കുന്നതാണെന്ന് ഷഫീഖ് പറഞ്ഞു.
കേസന്വേഷണത്തിലെ തുടക്കം മുതൽ ഇടതുപക്ഷവും പോലീസും തമ്മിലുള്ള ഒത്തുകളി വ്യക്തമായിരുന്നു.
പെൺകുട്ടികളുടെ അമ്മ പാലക്കാട് കേന്ദ്രീകരിച്ച് ശക്തമായ സമരം നടത്തിയിട്ടും സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാരം കിടന്നിട്ടും തലമുണ്ഡനം ചെയ്ത് പ്രതിഷേധമറിയിച്ചിട്ടും സർക്കാർ തികഞ്ഞ നിസ്സംഗതയാണ് കേസ് അന്വേഷണത്തിന്റെ കാര്യത്തിൽ സ്വീകരിച്ചത്. കേസ് അട്ടിമറിച്ച പൊലീസുകാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം. വാളയാർ പെൺകുട്ടികളുടെ കേസന്വേഷണത്തിൽ നീതി നടപ്പാക്കുന്നതിൽ ഇടതുപക്ഷ സർക്കാർ പരാജയപ്പെട്ട സന്ദർഭത്തിൽ വാളയാർ പെൺകുട്ടികളുടെ അമ്മയുടെ നീതി തേടിയുള്ള യാത്ര കേരളീയ ജനസമൂഹം ഒറ്റക്കെട്ടായി ഏറ്റെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു