08 March, 2021 05:15:30 PM


ശ്രീനിവാസനും സിദ്ദിഖും ട്വന്‍റി ട്വന്‍റിയില്‍; സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു



കൊച്ചി: നടന്‍ ശ്രീനിവാസനും സംവിധായകന്‍ സിദ്ദീഖും പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും ട്വന്റി ട്വന്റിയില്‍ ചേര്‍ന്നു. എറണാകുളം ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയും ട്വന്റി ട്വന്റി പ്രഖ്യാപിച്ചു. കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും ശ്രീനിവാസനും സ്ഥാനാര്‍ത്ഥി പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു. കൂട്ടായ്മ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഏഴ് പേര് അടങ്ങുന്ന അഡ്വൈസറി ബോര്‍ഡിനും കൂട്ടായ്മ രൂപം നല്‍കി.


അഡ്വൈസറി ബോര്‍ഡിന്‍റെ ചെയര്‍മാനാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി. ശ്രീനിവാസന്‍, സംവിധായകന്‍ സിദ്ദീഖ് എന്നിവരും ബോര്‍ഡില്‍ അംഗങ്ങളാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ ചേരുമെന്ന് ട്വന്റി ട്വന്റി കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്ന സാബു ജേക്കബ് വ്യക്തമാക്കി. 2015ലാണ് കിഴക്കമ്പലം പഞ്ചായത്തില്‍ ട്വന്റി ട്വന്റി കൂട്ടായ്മയില്‍ ഭരണത്തിലേറുന്നത്. 2015ലെ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 19 വാര്‍ഡുകളില്‍ 17ലും വിജയിച്ച് മൃഗീയമായ ഭൂരിപക്ഷത്തിലാണ് ട്വന്റി 20 കിഴക്കമ്പലം പഞ്ചായത്തിന്റെ ഭരണമേറ്റെടുക്കുന്നത്. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിലും ട്വന്റി ട്വന്റി കൂട്ടായ്മ മികച്ച നേട്ടം സ്വന്തമാക്കിയിരുന്നു.


ട്വന്‍റി ട്വന്റി കൂട്ടായ്മക്ക് പിന്തുണയുമായി ശ്രീനിവാസന്‍ നേരത്തെ രംഗത്ത് എത്തിയിരുന്നു. ട്വന്‍റി ട്വന്റിയില്‍ ഏറെ പ്രതീക്ഷയുണ്ടെന്നും കേരളത്തിന് മാതൃകയാണെന്നുമായിരുന്നു ശ്രീനിവാസന്റെ പ്രതികരണം. വികസനം മുൻനിർത്തി തദ്ദേശ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനിറങ്ങിയ ട്വന്റി-20 നേരത്തെ മത്സരിച്ച സീറ്റുകളിൽ ഭൂരിഭാഗവും നേടിയിരുന്നു. ഇതിന് പിന്നാലെയാണ് എറണാകുളം ജില്ലയിലെ നിയമസഭ സീറ്റുകളില്‍ മത്സരത്തിക്കുമെന്ന് ട്വന്‍റി -20 ചീഫ് കോര്‍ഡിനേറ്റർ സാബു ജേക്കബ് പ്രഖ്യാപിച്ചത്.

എറണാകുളം ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ ഇവര്‍:

കോതമംഗലം - ഡോ.ജോസ് ജോസഫ് (പി.ജെ.ജോസഫിന്‍റെ മരുമകനാണ്)

കുന്നത്തുനാട് - ഡോ.സുജിത് പി.സുരേന്ദ്രന്‍

പെരുമ്പാവൂര്‍ - ചിത്ര സുകുമാരന്‍

മൂവാറ്റുപുഴ - സി.എന്‍.പ്രകാശ്

വൈപ്പിന്‍ - ജോബ് ചക്കാലക്കല്‍





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K