07 March, 2021 10:49:48 PM
രാഷ്ട്രീയ കൊലപാതകങ്ങളുടെയും അഴിമതിയുടെയും കൂത്തരങ്ങായി കേരളം മാറി - അമിത് ഷാ
തിരുവനന്തപുരം: കേരളം രാഷ്ട്രീയ കൊലപാതകങ്ങളുടെയും അഴിമതിയുടെയും കൂത്തരങ്ങായി മാറിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിച്ച വിജയയാത്രയുടെ സമാപന സമ്മേളനത്തിലായിരുന്നു അമിത് ഷായുടെ വിമർശനം.
കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടി ഉപയോഗിക്കുന്നെന്ന ആരോപണത്തിൽ, താൻ ഉന്നയിക്കുന്ന നിർണായക ചോദ്യങ്ങൾക്ക് പൊതുവേദിയിൽ മറുപടി പറയാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറാകണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു. കേന്ദ്ര ഏജന്‍സികള്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് പ്രവര്‍ത്തിക്കുന്നത് കേരള മുഖ്യമന്ത്രി പറയുന്നത് കേട്ടു. ഡോളര്‍ കടത്ത്-സ്വര്‍ണക്കടത്ത് കേസുകളിലെ പ്രധാനപ്രതി മുഖ്യമന്ത്രിയുടെ ഓഫീസില്‍ അല്ലേ ജോലി ചെയ്തിരുന്നതെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിക്കാന്‍ ആഗ്രഹിക്കുകയാണ്.
പ്രതിയായ സ്ത്രീ മുഖ്യമന്ത്രിയുടെ വിദേശ യാത്രകളിൽ ഒപ്പമുണ്ടായിരുന്നോ ഇല്ലയോ?,ഈ സ്ത്രീ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നിത്യസന്ദര്‍ശകയല്ലേ?, ഈ വിഷയത്തിൽ ഇഡിയും കസ്റ്റംസും നടത്തിയ അന്വേഷണത്തിൽ ഇതൊക്കെ പുറത്തു വന്നില്ലേ, സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുണ്ടായ സംശയാസ്പദമായ ഒരു മരണത്തെക്കുറിച്ച് നിങ്ങൾ മൗനം പാലിക്കുന്നത് എന്ത് കൊണ്ടാണ്? എന്നീ ചോദ്യങ്ങളാണ് അമിത് ഷാ ഉന്നയിച്ചത്. നിങ്ങളുടെ സര്‍ക്കാര്‍ പ്രതിമാസം മൂന്നുലക്ഷം രൂപ ശമ്പളമായി നല്‍കിയിരുന്നോ ഇല്ലയോ എന്ന കാര്യം ജനങ്ങളോടു പറയണമെന്നും അമിത് ഷാ പറഞ്ഞു.
അഴിമതി നടത്താൻ യുഡിഎഫും എൽഡിഎഫും തമ്മിൽ മത്സരിക്കുകയാണ്. യുഡിഎഫ് വന്നാൽ സോളാര്‍ തട്ടിപ്പും, എൽഡിഎഫ് വന്നാൽ ഡോളര്‍ കടത്തും നടക്കുന്ന അവസ്ഥയാണ്. കേരളത്തിൽ പരസ്പരം പോരടിക്കുന്ന സിപിഎമ്മും കോണ്‍ഗ്രസും ബംഗാളിൽ ഒരുമിച്ചാണെന്നും അമിത് ഷാ പറഞ്ഞു. ഇവിടെ സിപിഎമ്മും കോണ്‍ഗ്രസും വര്‍ഗീയ പാര്‍ട്ടികളായ എസ്ഡിപിയുമായും മറ്റും സഖ്യത്തിലാണ്. ഇവിടെ കോണ്‍ഗ്രസ് സിപിഎമ്മിനെതിരാണ്. എന്നാൽ ബംഗാളിൽ ചെന്നാൽ കോണ്‍ഗ്രസും സിപിഎമ്മും സഖ്യത്തിലാണ്. ബംഗാളിൽ ഷെരീഫിന്റെ പാര്‍ട്ടിയുമായി കോണ്‍ഗ്രസും സിപിഎമ്മും സഖ്യത്തിലാണ്. മഹാരാഷ്ട്രയിൽ ചെന്നാൽ ഇവര്‍ ശിവസേനക്കാരുമായി സഖ്യത്തിലാണ്. നിങ്ങള്‍ എങ്ങോട്ടേക്കാണ് പോകുന്നത്- ഷാ ചോദിച്ചു.
എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ആരോഗ്യകരമായ ഒരു മത്സരം നടക്കുകയാണ്. കേരളത്തെ പുരോഗതിയിലേക്ക് നയിക്കാനുള്ളതല്ല, അഴിമതി നടത്താനുള്ള മത്സരമാണെന്നും അമിത് ഷാ വിമർശിച്ചു. 'പുതിയ കേരളം മോദിക്കൊപ്പം' എന്ന എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വാചകം അമിത് ഷാ പുറത്തിറക്കി.
വിജയ് യാത്രയുടെ സമാപനവേദിയിൽ നടൻ ദേവൻ ബിജെപിയിൽ ചേർന്നു. കേരള പീപ്പിൾസ് എന്ന സ്വന്തം പാര്‍ട്ടിയെ ബിജെപിയിൽ ലയിപ്പിച്ചാണ് ദേവൻ സംഘടനയിലേക്ക് വരുന്നത്. പതിനേഴു വർഷം ഒരു കുഞ്ഞിനെ പോറ്റുന്നത് പോലെ വളര്‍ത്തി കൊണ്ടു വന്ന കേരള പീപ്പിൾസ് പാര്‍ട്ടിയെയാണ് ബിജെപിയിലേക്ക് ലയിപ്പിക്കുന്നതെന്ന് ദേവൻ പറഞ്ഞു.
ദേവനെ കൂടാതെ സംവിധായകൻ വിനു കിരിയത്ത്, യൂത്ത് കോണ്‍ഗ്രസ് മുൻ സംസ്ഥാന ഉപാധ്യക്ഷനും പന്തളം ഗ്രാമപഞ്ചായത്ത് മുൻ അധ്യക്ഷനുമായ പന്തളം പ്രഭാകരൻ, മുൻ ഐഎഎസ് ഉദ്യോഗസ്ഥനും തിരുവനന്തപുരം, ആലപ്പുഴ ജില്ലാ കളക്ടറുമായിരുന്ന കെ.വി.ബാലകൃഷ്ണൻ, നടി രാധ തുടങ്ങിയവരും ഞായറാഴ്ച ബിജെപിയിൽ ചേർന്നു.