06 March, 2021 01:47:28 PM


'ബന്ധുക്കള്‍ സ്ഥാനാര്‍ത്ഥികള്‍': ബാലന്‍ സഖാവായാലും ചാണ്ടി സാറായാലും ഊളത്തരമെന്ന് വിളിക്കും



കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കള്‍ ഇടംനേടിയതിനെ പരിഹസിച്ച് പ്രമുഖ അഭിഭാഷകയും ഇടതു സഹയാത്രികയുമായ രശ്മിത രാമചന്ദ്രന്‍. അച്ഛനു ശേഷം മക്കള്‍, ഭര്‍ത്താവിനു ശേഷം ഭാര്യ, അമ്മാവനു ശേഷം അനന്തരവര്‍ എന്നങ്ങു തീരുമാനിച്ചാല്‍ ജനം ഊളത്തരമെന്ന് വിളിക്കുമെന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ അവർ പറയുന്നത്. 'അത് ചാണ്ടി സാറിന്‍റെയായാലും ബാലന്‍ സഖാവിന്‍റെയായാലും ശരി'- അവർ പറഞ്ഞു.


എല്ലാ രാഷ്ട്രീയപാര്‍ട്ടികളോടുമാണ് എന്നു പറഞ്ഞുകൊണ്ടാണ് രശ്മിതയുടെ വിമര്‍ശനം. തൃശൂര്‍ മുന്‍ മേയറും സി പി എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവന്‍റെ ഭാര്യയുമായ ആര്‍. ബിന്ദു ഇരിങ്ങാലക്കുടയില്‍ മത്സരിക്കും.  മന്ത്രി എ .കെ ബാലന്‍റെ ഭാര്യയും ആരോഗ്യവകുപ്പ് മുന്‍ ഡയറക്ടറുമായ ജമീല ബാലൻ തരൂരിൽ എൽ ഡി എഫ് സ്ഥാനാർഥിയാകും. ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനും സ്ഥാനാർഥിയായേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിലാണ് രൂക്ഷ വിമർശനവുമായി അഡ്വ. രശ്മിത രാമചന്ദ്രൻ രംഗത്തെത്തിയത്. 


രശ്മിതയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം


"രാഷ്ട്രീയപ്പാര്‍ട്ടികളോട് മൊത്തമായാണ്. ജനാധിപത്യ സംവിധാനത്തിലാണ് നിങ്ങള്‍ പ്രവര്‍ത്തിയ്ക്കുന്നത്, വംശാധിപത്യത്തിലല്ല. അച്ഛനു ശേഷം മക്കള്‍, ഭര്‍ത്താവിനു ശേഷം ഭാര്യ, അമ്മാവനു ശേഷം അനന്തരവര്‍ എന്നങ്ങു തീരുമാനിച്ചാല്‍ അതിനെ ജനം ഊളത്തരമെന്നു മാത്രമേ വിളിയ്ക്കൂ – അതിനി സ്ഥാനാര്‍ത്ഥിബന്ധു ചാണ്ടി സാറിന്‍റെയായാലും ശരി ബാലന്‍ സഖാവിന്‍റെയായാലും ശരി!"



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K