06 March, 2021 12:53:59 PM
'ബിജെപി ടിക്കറ്റില്‍ ഏറ്റുമാനൂരില്‍ മത്സരിക്കും': വാര്‍ത്തകള്‍ നിഷേധിച്ച് ലതികാ സുഭാഷ്
കോട്ടയം: താന്‍ ബിജെപിയിലേക്ക് എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റും, കോൺഗ്രസിന്‍റെ മുതിർന്ന നേതാവുമായ ലതികാ സുഭാഷ്. ഏറ്റുമാനൂർ സീറ്റ് ലഭ്യമല്ലാത്ത സാഹചര്യത്തിലും കോൺഗ്രസ് നേതൃത്വത്തിന്‍റെ കടുത്ത അവഗണയിലും പ്രതിഷേധിച്ച് ലതികാ സുഭാഷ് ബിജെപിയിലേക്ക് ചുവടുമാറുന്നു എന്നാണ് പ്രചരിക്കുന്ന വാര്‍ത്തകള്‍. എന്നാല്‍ താന്‍ ഇങ്ങനെ ചിന്തിച്ചിട്ടുപോലുമില്ലെന്ന് ലതികാ സുഭാഷ് കൈരളി വാര്‍ത്തയോട് പറഞ്ഞു.
ലതികയുടെ ബിജെപി പ്രവേശം സംബന്ധിച്ച് ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയിലെ പ്രസക്തഭാഗം ഇങ്ങനെ - "ഇത്തവണയും ലതികാ സുഭാഷിന് വിജയ സാധ്യതയുള്ള സീറ്റ് നൽകുന്നതിൽ കോൺഗ്രസ് നേതാക്കൾ ആവിശ്യം ആയ പരിഗണന നൽകാത്തതിൽ അവരുടെ സുഹൃത്തുക്കളും, ബന്ധുക്കളും കടുത്ത പ്രതിഷേധത്തിലാണ്. ലതിക സുഭാഷിനെ പിന്തുണക്കുന്ന കോൺഗ്രസ്സ് പ്രവർത്തകരും,അവരുടെ ബന്ധുക്കളും,സുഹൃത്തുക്കളും ഏറ്റുമാനൂർ തന്നെ മത്സരിപ്പിച്ചു വിജയിപ്പിക്കുമെന്ന വാശിയിലാണ് പുതിയ നീക്കം. ജോസഫ് ഗ്രുപ്പിന് ഏറ്റുമാനൂർ സീറ്റ് നൽകിയത് കൊണ്ടാണ് ലതികാ സുഭാഷിന് സീറ്റ് നഷ്ടമായതെന്നാണ് കോൺഗ്രസ് നേതാക്കളുടെ വിശദീകരണം. വി എൻ വാസവൻ ആണ് ഇടതു മുന്നണി സ്ഥാനാർഥി. മുന്നണി മാറി എൽ ഡി എഫിലെത്തിയാലും ഏറ്റുമാനൂർ സീറ്റ് ലഭിക്കാൻ സാധ്യത ഇല്ലാത്തതിനാലാണ് ബി ജെ പി മുന്നണിയിലേക്കുള്ള ചുവടുമാറ്റത്തിന് ശ്രമിക്കുന്നത്. ഇത് കോട്ടയം ജില്ലയിലാകെ ബി ജെ പിക്ക് വൻ മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്".
എന്നാല്‍ താന്‍ മനസില്‍പോലും ചിന്തിക്കാത്ത കാര്യം വാര്‍ത്തയാക്കിയത് ചിലരെ സഹായിക്കാനായിരിക്കാം എന്നതാണ് ലതികയുടെ പ്രതികരണം. മാത്രമല്ല ഈ വാര്‍ത്ത പ്രത്യക്ഷപെട്ട പിന്നാലെ തന്‍റെ ഫേസ്ബുക്ക് പേജില്‍ "ജയ് കോൺഗ്രസ്. ജയ് യു.ഡി.എഫ്." എന്ന് ലതിക പോസ്റ്റ് ഇടുകയും ചെയ്തിട്ടുണ്ട്. തന്‍റെ ജന്മനാടായ ഏറ്റുമാനൂരില്‍ സീറ്റ് ലഭിച്ചില്ലെങ്കില്‍ മത്സരരംഗത്ത് ഉണ്ടായിരിക്കില്ലെന്ന് ലതിക അറിയിച്ചിരുന്നു. ഇതിനിടെ കാഞ്ഞിരപ്പള്ളിയില്‍ നിര്‍ത്തി മത്സരിപ്പിക്കാന്‍ നീക്കം നടന്നുവെങ്കിലും താന്‍ അതിന് തയ്യാറാല്ലെന്നും ലതിക നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സീറ്റ് ചര്‍ച്ചകള്‍ ഇനിയും തീര്‍ന്നിട്ടില്ലാത്ത സ്ഥിതിക്ക് ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നത് മുഖവിലയ്ക്കെടുക്കരുതെന്നും സീറ്റ് ലഭിച്ചില്ലെങ്കില്‍ പാര്‍ട്ടി വിട്ടുപോകുവാന്‍ താന്‍ തയ്യാറല്ലെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് വേണ്ടി പ്രചരണരംഗത്തിറങ്ങുമെന്നും ലതിക പറഞ്ഞു.