05 March, 2021 10:02:07 AM
ഒരു സ്ത്രീയോടും ലൈംഗികാതിക്രമം കാണിച്ചിട്ടില്ല; ക്രൂരമെന്ന് ശ്രീജിത്ത് ദിവാകരന്‍
കൊച്ചി: തനിക്കെതിരെ ലൈംഗികാരോപണവുമായി രംഗത്ത് വന്ന എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ യുവതിയുടെ വെളിപ്പെടുത്തലുകള്‍ കളവെന്ന് മാധ്യമപ്രവര്‍ത്തകനും ഇടതുസഹയാത്രികനുമായ ശ്രീജിത്ത് ദിവാകരന്‍. യുവതിയുടെ ആരോപണത്തിന് സമൂഹമാധ്യമത്തിലൂടെ മറുപടി നല്‍കവെയാണ് ശ്രീജിത്ത് ദിവാകരന്‍ ഇങ്ങനെ പ്രതികരിച്ചത്. പരാതിക്കാരിയോട് മാത്രമല്ല, ഒരു സ്ത്രീയോടും ലൈംഗികാതിക്രമം കാണിച്ചിട്ടില്ലെന്ന് ശ്രീജിത്ത് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.
റേപ്പിസ്റ്റ് എന്ന് വിളിക്കുന്നതും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്ന് പറയുന്നതും ക്രൂരമായ ആരോപമാണെന്ന് കുറിപ്പില്‍ പറയുന്നു. സമൂഹമാധ്യമത്തില്‍ പങ്കിട്ട കുറിപ്പിലാണ് കഴിഞ്ഞ ദിവസം യുവതി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയത്. കോണ്ടം ഇല്ലാതെ സെക്സ് ചെയ്യാന്‍ നിര്‍ബന്ധിച്ചെന്നും അതിനു ശേഷം ഐപില്‍ കഴിച്ചാല്‍ മതിയെന്ന് ഉപദേശിച്ചുവെന്നുമായിരുന്നു ആക്ടിവിസ്റ്റ് വെളിപ്പെടുത്തിയത്.
ഇതിനു ശ്രീജിത്ത് നല്‍കിയ മറുപടി കുറിപ്പിലെ പ്രസക്തഭാഗങ്ങള്‍:
"മീ ടൂ ആരോപണങ്ങളെ തള്ളിക്കളയാന്‍ പാടില്ല എന്നും ഇരയാക്കപ്പെട്ട ആളുകള്‍ക്കൊപ്പം നില്‍ക്കണം എന്നുള്ളതുമാണ് രാഷ്ട്രീയ നിലപാട്. ഡല്‍ഹിയില്‍ നിന്ന് പോകുന്നതിന് മുമ്ബ്, 2005 കാലത്ത്, കോഴിക്കോടുണ്ടായിരുന്ന വീട് സുഹൃത്തുകളുടെ പലരുടേയും താവളമായിരുന്നു. ഞാനുള്ളപ്പോഴും ഇല്ലാത്തപ്പോഴും ആരതി ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും പലരും വന്ന് നില്‍ക്കുന്ന വീട്. പരതിക്കാരിയും വരാറുണ്ടായിരുന്നു. ഒരു സ്ത്രീയോടും ലൈംഗികാതിക്രമം കാണിച്ചിട്ടില്ല. 2005-06 ല്‍ കോഴിക്കോട് വിട്ട് ഡല്‍ഹിയിലെത്തിയതിന് ശേഷവും യുവതിയെ ഫോണ്‍വിളികളായും അപൂര്‍വ്വമെങ്കിലും ഡല്‍ഹിയില്‍ ആരതിയും ഞാനും താമസിക്കുന്നിടത്തെ സന്ദര്‍ശത്തിലും തുടര്‍ന്നു. അക്കാലത്തൊന്നും ഏതെങ്കിലുമൊരു വയലന്‍സ് എന്റെ ഭാഗത്ത് നിന്നുണ്ടായി എന്ന സൂചനയുണ്ടായിരുന്നില്ല. പക്ഷേ റേപ്പിസ്റ്റ് എന്ന് വിളിക്കുന്നതും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്ന് പറയുന്നതും ക്രൂരമായ ആരോപണമാണ്. ഐ.പില്‍ എന്നൊന്നും ആരും കേട്ടിട്ട് പോലുമില്ലാത്ത കാലമാണത് എന്നു കൂടി പറയട്ടെ. ആരതിയെ ഫോണ്‍ ചെയ്ത് ഐ.പില്‍ ഉപയോഗത്തെ കുറിച്ച് സംസാരിച്ചു എന്നുള്ളതെല്ലാം ആരോപണത്തിന്റെ അങ്ങേയറ്റമാണ്. സ്ത്രീശരീരത്തേയും അതിന്റെ നീതിയേയും കുറിച്ച് പഠിക്കുന്ന ആരതിയുടെ റെപ്യൂട്ടേഷനെ പോലും ആക്രമിക്കുന്നത്."