03 March, 2021 06:02:10 PM
അധികാരം കിട്ടിയാല്‍ പെട്രോള്‍ വില 60 രൂപയാക്കും - കുമ്മനം രാജശേഖരന്‍
കൊച്ചി: കേരളത്തില്‍ ബിജെപിക്ക് അധികാരം കിട്ടിയാല്‍ പെട്രോള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുമെന്നും അങ്ങനെയാണെങ്കില്‍ 60 രൂപയ്ക്ക് അടുത്ത് പെട്രോള്‍ കൊടുക്കാനാകുമെന്നും ബി.ജെ.പി. നേതാവ് കുമ്മനം രാജശേഖരന്‍. പെട്രോള്‍ വിലവര്‍ധനവില്‍ ഉള്ള ഉത്കണ്ഠ ആത്മാര്‍ഥതയോടെയാണെങ്കില്‍ പെട്രോളിനെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താം എന്നാണ് പറയേണ്ടതെന്നും കുമ്മനം പറഞ്ഞു.
ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താമെന്ന് കേന്ദ്രം തയ്യാറാണെന്ന് പറഞ്ഞിട്ടുണ്ടെന്നും സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ പെട്രോള്‍ ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരാമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി പറഞ്ഞതാണെന്നും കുമ്മനം പറഞ്ഞു. എന്ത് കൊണ്ടാണ് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താന്‍ കേരള സര്‍ക്കാര്‍ ആവശ്യപ്പെടാത്തതെന്നും കുമ്മനം ചോദിച്ചു. ആഗോള വിപണിയുടെ വിലയുടെ അടിസ്ഥാനത്തിലാണ് പെട്രോളിന്‍റെ വില നിശ്ചയിക്കുന്നത്. ബി.ജെ.പിക്ക് ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജി.എസ്.ടിയുടെ പരിധിയില്‍ കൊണ്ടുവരണം. അതിനെക്കുറിച്ച് സി.പി.ഐ.എമ്മും കോണ്‍ഗ്രസും എന്താണ് അഭിപ്രായം പറയാത്തതെന്നും തോമസ് ഐസക്ക് പറയുന്നത് ഒരു കാരണവശാലും ജി.എസ്.ടി ഇവിടെ നടപ്പാക്കാനാവില്ലെന്നാണെന്നും കുമ്മനം പറഞ്ഞു.