28 February, 2021 07:50:53 PM
'മുഖ്യമന്ത്രിയറിയാതെ ഒപ്പു വെപ്പിച്ച പ്രതിപക്ഷ നേതാവിനെ സമ്മതിക്കണം'; - വി.ഡി സതീശന്‍
തിരുവനന്തപുരം: ഇ.എം.സി.സിയുമായുള്ള കരാറില്‍ എന്‍.പ്രശാന്ത് ഐ.എ.എസിനെക്കൊണ്ട് ഒപ്പുവെപ്പിച്ചതിന് പിന്നില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെന്ന കടകംപള്ളി സുരേന്ദ്രന്‍റെ പ്രസ്താവനയെ പരിഹസിച്ച് വി.ഡി സതീശന്‍ എം.എല്‍.എ. മുഖ്യമന്ത്രി അറിയാതെ അദ്ദേഹത്തിന്റെ വകുപ്പില്‍ അദ്ദേഹത്തിന്റെ കീഴിലുള്ള ഐ.എ.എസുകാരനെക്കൊണ്ട് എം.ഒ.യു ഒപ്പു വെപ്പിക്കുക എന്നത് ഒരു നിസ്സാര കാര്യമല്ല എന്ന് വി.ഡി സതീശന്‍ ഫേസ്ബുക്കിലൂടെ പരിഹസിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
"ഇഎം സി സിയുമായുള്ള കരാര്‍ പ്രശാന്ത് ഐ എ എസിനെക്കൊണ്ട് ഒപ്പുവപ്പിച്ചത് രമേശ് ചെന്നിത്തലയെന്ന് മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ . ഈ പ്രതിപക്ഷനേതാവിനെ സമ്മതിക്കണം !!! നമ്മുടെ മുഖ്യമന്ത്രി അറിയാതെ അദ്ദേഹത്തിന്റെ വകുപ്പില്‍ അദ്ദേഹത്തിന്റെ കീഴിലുള്ള ഐ എ എസുകാരനെക്കൊണ്ട് എം.ഒ.യു ഒപ്പു വെപ്പിക്കുക എന്നത് ഒരു നിസ്സാര കാര്യമല്ല!!
മാത്രമല്ല ഒപ്പുവച്ചതിന്റെ പിറ്റേദിവസം അത് സര്‍ക്കാരിന്റെ നേട്ടങ്ങളുടെ പട്ടികയില്‍ പെടുത്തി മാധ്യമങ്ങളില്‍ പരസ്യവും വാര്‍ത്തയും!!!
എന്നിട്ടും മുഖ്യമന്ത്രിയും 19 മന്ത്രിമാരും അവരുടെ മുപ്പത് വീതമുള്ള പേഴ്‌സണല്‍ സ്റ്റാഫും അറിഞ്ഞില്ല എന്നത് അതിനെക്കാള്‍ കെങ്കേമം!!!
എന്റെ കടകംപള്ളി !!!"
ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട കരാറില്‍ വകുപ്പ് സെക്രട്ടറി പോലും അറിയാതെയാണ് കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ (കെഎസ്‌ഐഎന്‍സി) എംഡി എന്‍. പ്രശാന്ത് ഒപ്പിട്ടതെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നത്. ധാരണാപത്രം എന്‍. പ്രശാന്ത് അന്നു തന്നെ ചെന്നിത്തലയ്ക്ക് നല്‍കുകയായിരുന്നുവെന്നും എന്നിട്ട് സര്‍ക്കാര്‍ ഒപ്പുവെച്ചെന്ന് തെറ്റിദ്ധാരണ പരത്തുകയായിരുന്നുവെന്നും വിവാദം പ്രതിപക്ഷത്തിന്‍റെ ഉണ്ടയില്ലാ വെടിയാണെന്നും കടകംപള്ളി പറഞ്ഞിരുന്നു.