28 February, 2021 07:24:30 PM
മത്സരിക്കാന്‍ ഇല്ലെന്ന് സുരേഷ് ഗോപി; ശ്രീധരനും ജേക്കബ് തോമസും മത്സരരംഗത്തേക്ക്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രമുഖരെ മത്സരരംഗത്തിറക്കാന്‍ ബിജെപി ഒരുക്കങ്ങള്‍ ആരംഭിച്ചു. നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി മത്സരിക്കണമെന്ന് ബിജെപി കോര്‍ കമ്മിറ്റിയില്‍ ആവശ്യമുയര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ സുരേഷ് ഗോപിയില്‍ നിന്ന് അനുകൂല നിലപാട് ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. വട്ടിയൂര്‍ക്കാവിലോ തിരുവനന്തപുരം സെന്‍ട്രലിലോ സുരേഷ് ഗോപി സ്ഥാനാര്‍ഥിയാകണമെന്നാണ് കോര്‍ കമ്മിറ്റിയില്‍ ആവശ്യമുയര്‍ന്നത്.
എന്നാല്‍, നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇല്ലെന്ന നിലപാടിലാണ് സുരേഷ് ഗോപി. രാജ്യസഭയില്‍ ഒന്നര വര്‍ഷം ടേം ബാക്കിയുള്ളതിനാലും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതിനാലും ആണ് ഇത്തവണ സ്ഥാനാര്‍ഥിയാകാന്‍ താനില്ലെന്ന് സുരേഷ് ഗോപി പറയുന്നത്. എന്നാല്‍, കേന്ദ്ര നേതൃത്വം സമ്മര്‍ദം ചെലുത്തിയാല്‍ സുരേഷ് ഗോപി സംസ്ഥാന നേതൃത്വത്തിന്‍റെ ആവശ്യത്തിനു വഴങ്ങിയേക്കും. മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചാല്‍ വട്ടിയൂര്‍ക്കാവില്‍ തന്നെയായിരിക്കും സുരേഷ് ഗോപി സ്ഥാനാര്‍ഥിയാകാന്‍ കൂടുതല്‍ സാധ്യത.
2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച സുരേഷ് ഗോപി മികച്ച മുന്നേറ്റം കാഴ്‌ചവച്ചിരുന്നു. സുരേഷ് ഗോപി വട്ടിയൂര്‍ക്കാവില്‍ മത്സരിച്ചാല്‍ വി.വി.രാജേഷ് ആയിരിക്കും തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാകുക. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ മത്സരിക്കണമെന്നും കോര്‍ കമ്മിറ്റിയില്‍ ആവശ്യമുയര്‍ന്നു. കോന്നിയിലാണ് സുരേന്ദ്രന്‍റെ പേര് ഉയര്‍ന്നുകേള്‍ക്കുന്നത്. കേന്ദ്രമന്ത്രി വി.മുരളീധരന്‍ കഴക്കൂട്ടത്ത് മത്സരിച്ചേക്കും. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുരളീധരന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ കഴക്കൂട്ടത്ത് രണ്ടാം സ്ഥാനത്തെത്താന്‍ മുരളീധരന് സാധിച്ചിരുന്നു.
മന്ത്രി കടകംപള്ളി സുരേന്ദ്രനായിരിക്കും എല്‍ഡിഎഫ് സ്ഥാനാര്‍ഥി. മുരളീധരനേക്കാള്‍ വലിയ നേതാക്കള്‍ വന്നാലും കഴക്കൂട്ടത്ത് സിപിഎം ജയിക്കുമെന്നാണ് കടകംപള്ളി പറഞ്ഞത്. കഴക്കൂട്ടത്ത് മുഖ്യ എതിരാളി ബിജെപിയല്ല കോണ്‍ഗ്രസ് ആണെന്നും കടകംപള്ളി പറഞ്ഞു. നേമത്ത് ഒ.രാജഗോപാല്‍ ഇത്തവണ മത്സരിക്കില്ല. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നു വിട്ടുനില്‍ക്കുകയാണെന്ന് രാജഗോപാല്‍ പാര്‍ട്ടിയെ അറിയിച്ചതായാണ് സൂചന. രാജഗോപാലിന് പകരം കുമ്മനം രാജശേഖരനെ നേമത്ത് ഇറക്കാനാണ് ബിജെപി ആലോചിക്കുന്നത്.
ജേക്കബ് തോമസും ഇക്കുറി മത്സരരംഗത്തുണ്ടാകും. മെട്രോമാന്‍ ഇ.ശ്രീധരനെ തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ആലോചിക്കുന്നു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് ശ്രീധരന്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. കൊച്ചി മെട്രോയും പാലാരിവട്ടം മേല്‍പ്പാലവും അനുകൂല ഘടകമാകുമെന്നാണ് വിലയിരുത്തല്‍. 2016 ല്‍ എം.സ്വരാജിലൂടെ സിപിഎം പിടിച്ചെടുത്ത മണ്ഡലമാണ് തൃപ്പൂണിത്തുറ. കേരളത്തില്‍ 140 മണ്ഡലങ്ങളിലും വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിയാണ് ഇ.ശ്രീധരനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു.