28 February, 2021 03:03:03 PM


ജയിച്ച പാർട്ടിയുടെ സീറ്റ് എടുത്ത് തോറ്റ പാർട്ടിക്കു നൽകിയത് അനീതി - മാണി സി കാപ്പൻ



പാലാ: പാലായുടെ പുരോഗതി മാത്രമാണ് തൻ്റെ ലക്ഷ്യമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ഇടതുമുന്നണിയെ വഞ്ചിച്ചിട്ടില്ല. എം എൽ എ എന്ന നിലയിൽ ജനത്തോടൊപ്പം നിന്നു പ്രവർത്തിച്ചു വരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജയിച്ച പാർട്ടിയുടെ സീറ്റ് തോറ്റ പാർട്ടിക്കു പിടിച്ചെടുത്തു നൽകിയത്  അനീതിയാണെന്ന് കാപ്പൻ പറഞ്ഞു. പാലായിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.


തന്നെ കുറ്റപ്പെടുത്തുന്നവർ യു ഡി എഫ് വോട്ടു വാങ്ങി വിജയിച്ച ജോസ് വിഭാഗം മുന്നണി മാറിയത് ന്യായീകരിക്കുന്നത് ഇരട്ടത്താപ്പാണ്. കാഞ്ഞിരപ്പള്ളി സീറ്റ് സിറ്റിംഗ് സീറ്റ് വാദമുയർത്തി വാങ്ങുന്നവർ പാലായുടെ കാര്യത്തിൽ അതേ വാദം പറയുന്നില്ല. അർഹതപ്പെട്ട സീറ്റ് നിഷേധിച്ചത് അനീതിയാണ്. പുതിയ കക്ഷികൾ ഒരു മുന്നണിയിലേയ്ക്ക് വരുമ്പോൾ പഴയ കക്ഷികൾ വിട്ടുവീഴ്ച ചെയ്യണമെന്ന് പറയുന്നപോലെ തന്നെ വരുന്ന പുതിയകക്ഷികളും വിട്ടുവീഴ്ച ചെയ്യേണ്ടതാണ്. മറ്റൊരു കക്ഷിയുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുക്കുന്നതിൽ എന്തു ധാർമ്മികതയാണുള്ളതെന്നു മാണി സി കാപ്പൻ ചോദിച്ചു.


ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചശേഷം പാലായിൽ നിരന്തരം പ്രവർത്തിച്ചു വരികയാണ്.  പാലാക്കാരാണ് തൻ്റെ ശക്തിയെന്നു മാണി സി കാപ്പൻ പറഞ്ഞു. പാലായിൽ വീണ്ടും മത്സരിക്കണമെന്ന് പാലാക്കാർ തന്നെയാണ് നിരന്തരം ആവശ്യപ്പെടുന്നത്. ഒട്ടേറെ പ്രശ്നങ്ങൾ പരിഹരിക്കാൻ കുറഞ്ഞ സമയത്തിനുള്ളിൽ സാധിച്ചിട്ടുണ്ട്. പതിറ്റാണ്ടുകളായി നൂറുകണക്കിനാളുകളെ ബാധിച്ചിരുന്ന തോട്ടം പുരയിടം പ്രശ്നത്തിന് പരിഹാരം കാണാൻ കഴിഞ്ഞിട്ടുണ്ട്. കന്യാസ്ത്രീകളടക്കമുള്ള സന്യസ്തർക്ക് അപ്രാപ്യമായിരുന്ന റേഷൻ ലഭ്യമാക്കാനും സാധിച്ചിട്ടുണ്ട്.


ജനങ്ങളുടെ സൗകര്യാർത്ഥം പാലായുടെ ചരിത്രത്തിൽ തന്നെ ആദ്യമായി എം എൽ എ ഓഫീസ് തുറന്നു. ഇതിന് മികച്ച പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. 
കാലാവധിയുള്ള എം പി സ്ഥാനങ്ങൾ രാജിവച്ച നടപടി ജനാധിപത്യത്തിനു ചേർന്ന നടപടിയാണോ എന്നു ജനം ചോദിക്കുന്നുണ്ട്. രാഷ്ട്രീയത്തിൻ്റെ പേരിൽ പാലായുടെ വികസനം വരെ തടസ്സപ്പെടുത്തിയത് ജനത്തിന് അറിയാം. പാലായുടെ വികസനത്തിനായി എപ്പോഴും ഒപ്പമുണ്ടാവുമെന്നും പാലാ തൻ്റെ ചങ്കാണെന്നും മാണി സി കാപ്പൻ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K