27 February, 2021 06:39:02 PM
90 ലക്ഷം മുടക്കി വാങ്ങിയ വീട്ടില്‍നിന്നും തുരങ്കമുണ്ടാക്കി അയല്‍പക്കത്തെ വീട്ടില്‍ മോഷണം
ജയ്പൂര്‍: 90 ലക്ഷം മുടക്കി വീട് വാങ്ങി, 20 അടി നീളത്തില്‍ 15 അടി താഴ്ചയുള്ള തുരങ്കമുണ്ടാക്കി ഡോക്ടറുടെ വീട്ടില്‍ മോഷണം. കവര്‍ന്നത് അടിത്തറയില്‍ കുഴിച്ചിട്ടിരുന്ന വെള്ളി ശേഖരം. വീടിന്റെ അടിത്തറയില്‍ കുഴിച്ചിട്ട പെട്ടിയില്‍ സൂക്ഷിച്ചിരുന്ന വലിയ വെള്ളി ശേഖരമാണ് മോഷ്ടാക്കള്‍ മോഷ്ടിച്ചത്. ഡോക്ടര്‍ സുനിത് സോനിയുടെ ജയ്പൂരിലെ വസതിയിലാണ് മോഷണം നടന്നത്.
മോഷണം പോയ വെള്ളിയുടെ കൃത്യമായ അളവ് വെളിപ്പെടുത്തിയിട്ടില്ല. ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ക്ലിനിക് നടത്തുകയാണ് ഡോ. സുനിത്. പ്രതി ഡോക്ടറുടെ വീടിന് തൊട്ടുപിന്നില്‍ 90 ലക്ഷം രൂപയ്ക്ക് വീട് വാങ്ങിയാണ് മോഷണത്തിനുള്ള പദ്ധതി ഒരുക്കിയത്. തുരങ്കം കുഴിക്കുന്നത് കാണാതിരിക്കാന്‍ താത്കാലിക ഷെഡ്ഡും പണിതു. ഇവിടെ നിന്ന് തുരങ്കം കുഴിച്ച് പെട്ടി കുഴിച്ചിട്ട സ്ഥലത്ത് എത്തി. പെട്ടി തകര്‍ത്താണ് വെള്ളി കൈക്കലാക്കിയത്.
ബേസ്‌മെന്റിന്റെ തറനിരപ്പ് അസമമാണെന്ന് ശ്രദ്ധയില്‍പെട്ടതോടെയാണ് ഡോക്ടര്‍ മോഷണ വിവരം അറിഞ്ഞത്. തുടര്‍ന്ന് ബുധനാഴ്ച വൈകിട്ട് അദ്ദേഹം പൊലീസിനെ വിവരമറിയിച്ചു. വെള്ളി കുഴിച്ചിട്ടിരിക്കുന്നതിനെക്കുറിച്ച് അറിയുന്ന ഡോക്ടറുടെ സുഹൃത്തിന്റെ പങ്കാളിത്തം കേസില്‍ സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
മൂന്ന് വലിയ പെട്ടികളാണ് ബേസ്‌മെന്റില്‍ കുഴിച്ചിട്ടിരുന്നത്. ഒരു പെട്ടിയില്‍ നിന്ന് വെള്ളി മോഷ്ടിച്ചതായും ബാക്കിയുള്ളവ കാലിയാണെന്നുമാണ് സോനി പൊലീസിനോട് പറഞ്ഞത്. എന്നാല്‍ എന്തുകൊണ്ടാണ് ശൂന്യമായ പെട്ടികള്‍ അവിടെ മറന്നുവെച്ചതെന്ന് ഇയാള്‍ വെളിപ്പെടുത്തിയില്ല.