26 February, 2021 11:45:27 AM


അസം റൈഫിള്‍സിലെ വിമുക്ത ഭടന്മാര്‍ക്കും കെട്ടിട നികുതി ഇളവ്: സര്‍ക്കാര്‍ ഉത്തരവായി



തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും പഴക്കംചെന്ന അര്‍ധസൈനിക വിഭാഗമായ അസം റൈഫിള്‍സില്‍ നിന്നു വിരമിച്ച സൈനികരുടെയും കുടുംബങ്ങളുടെയും ദീര്‍ഘകാല ആവശ്യങ്ങളോട് അനുകൂല നടപടിയെടുത്ത് സംസ്ഥാന സര്‍ക്കാര്‍. അസം റൈഫിള്‍സില്‍ നിന്നു വിരമിച്ച സൈനികരോ ഭാര്യയോ വിധവയോ താമസിക്കുന്ന വീടിനെ കെട്ടിട നികുതിയില്‍ നിന്നു തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.


മുഖ്യമന്ത്രി പിണറായി വിജയന്  അസം റൈഫിള്‍ എക്‌സ് സര്‍വീസ്‌മെന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ബിഎസ്എഫ്, സിആര്‍പിഎഫ്, സിഐഎസ്എഫ്, ഐടിബിപി, എസ്എസ്ബി തുടങ്ങിയ കേന്ദ്ര സായുധസേനാ വിഭാഗങ്ങളിലെ വിമുക്ത ഭടന്മാര്‍ക്ക് ഇതേ ആനുകൂല്യം അനുവദിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വാര്‍ത്താസമ്മേളനത്തില്‍ ഇത് പറയുകയും ചെയ്തു.


എന്നാല്‍ അതില്‍ അസം റൈഫിള്‍സ് ഉള്‍പ്പെട്ടിരുന്നില്ല. ഇക്കാര്യം അസം റൈഫിള്‍സിലെ വിമുക്തഭടന്മാരുടെ സംഘടന മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസത്തെ ഉത്തരവ്. ഇവരുടെ ആശ്രിത നിയമനകാര്യത്തില്‍ നേരത്തേ സംസ്ഥാന സര്‍ക്കാര്‍ അനുകൂല തീരുമാനമെടുത്ത് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.


കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തും ഈ വിഷയങ്ങളില്‍ നിവേദനം നല്‍കിയിരുന്നു. തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് എല്‍ഡിഎഫ് സര്‍ക്കാരിനും നിവേദനങ്ങള്‍ നല്‍കിയത്. വിമുക്ത ഭടന്മാരോടും അവരുടെ കുടുംബങ്ങളോടും സര്‍ക്കാരിനുള്ള ഉയര്‍ന്ന പരിഗണനയാണ് തീരുമാനത്തിലൂടെ വ്യക്തമാകുന്നതെന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറി റിട്ടയേഡ് സുബേദാര്‍ വി. തുളസി നായര്‍ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K