23 February, 2021 01:33:01 PM


ലാവ്‍ലിന്‍ കേസ് വീണ്ടും മാറ്റിവെച്ചു; കേസ് മാറ്റുന്നത് ഇരുപത്തൊന്നാം തവണ



ദില്ലി: ലാവ്‍ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ഏപ്രില്‍ ആറിലേക്ക് മാറ്റിവെച്ചു. കേസ് അടുത്താഴ്ചയിലേക്ക് മാറ്റണമെന്ന സിബിഐ ആവശ്യം പരിഗണിച്ചാണ് സുപ്രീം കോടതി കേസ് മാറ്റിയത്. കേസ് സുപ്രീം കോടതിക്ക് മുന്നിൽ എത്തിയ ശേഷം ഇരുപതിലധികം തവണ പരിഗണിച്ചെങ്കിലും വാദം കേൾക്കാതെ മാറ്റിവയ്ക്കുകയായിരുന്നു.


കേസിൽ വാദം തുടങ്ങാൻ തയ്യാറാണെന്ന് സിബിഐ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ രണ്ട് തവണ കേസ് പരിഗണിച്ചപ്പോഴും കേസിന് വേണ്ട രേഖകൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും കേസ് പരിഗണിക്കുന്നത് മാറ്റി വയ്ക്കണമെന്നും ആയിരുന്നു സിബിഐയുടെ ആവശ്യം.

ഹൈക്കോടതി ഉൾപ്പെടെ രണ്ട് കോടതികൾ തള്ളിയ കേസ് ആയതിനാൽ ശക്തമായ തെളിവുകൾ ഉണ്ടെങ്കിലേ കേസിൽ തുടർവാദം സാധ്യമാകൂ എന്ന് സുപ്രിംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് ലളിതിന് പുറമേ, മലയാളി യായ ജസ്റ്റിസ് കെഎം ജോസഫ്, ജസ്റ്റിസ് ഇന്ദിരാ ബാനർജി എന്നിവരാണ് ബഞ്ചിലുള്ളത്.

മുഖ്യമന്ത്രി പിണറായി വിജയൻ, വൈദ്യുതി ബോർഡ് മുൻ ചെയർമാൻ കെ മോഹനചന്ദ്രൻ, ജോയിന്‍റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സിബിഐ നൽകിയ ഹർജി. പ്രതിപ്പട്ടികയിലുള്ള കസ്തൂരിരംഗ അയ്യർ അടക്കമുള്ളവർ നൽകിയ ഹർജിയും ഈ കേസിനൊപ്പം കോടതി പരിഗണിക്കും.

ഇടുക്കി ജില്ലയിലെ പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയൻ കമ്പനിയായ എസ്.എൻ.സി. ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവലിൻ കേസിന് ആധാരം. കരാർ ലാവലിൻ കമ്പനിക്ക് നൽകുന്നതിന് പ്രത്യേക താല്പര്യം കാണിക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടായിരിക്കാമെന്നാണ് ലാവലിൻ കേസിലെ പ്രധാന ആരോപണം. കേസിൽ പിണറായി വിജയൻ അടക്കം 11 പ്രതികളാണ് ഉള്ളത്. ഒമ്പതാം പ്രതിയാണ് മുഖ്യമന്ത്രി. കെ മോഹനചന്ദ്രൻ ആണ് ഒന്നാം പ്രതി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K