22 February, 2021 07:22:24 PM


'എന്‍സികെ': മാണി സി കാപ്പന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു; പാലായില്‍ മത്സരിക്കും



തിരുവനന്തപുരം: എന്‍സിപിയില്‍ നിന്ന് പുറത്തുപോയ മാണി സി കാപ്പന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള (എന്‍സികെ) എന്നാണ് കാപ്പന്‍റെ പുതിയ പാര്‍ട്ടിയുടെ പേര്. തിങ്കളാഴ്ച വൈകിട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കാപ്പന്‍ പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്. കാപ്പന്‍ തന്നെയാണ് പാര്‍ട്ടിയുടെ പ്രസിഡന്‍റ്. ബാബു കാര്‍ത്തികേയന്‍ ജനറല്‍ സെക്രട്ടറിയായിരിക്കും. സുള്‍ഫിക്കര്‍ മയൂരി, പി ഗോപിനാഥ് എന്നിവരെ വൈസ് പ്രസിഡന്‍റുമാരായും സിബി തോമസിനെ ട്രഷറര്‍ ആയും തിരഞ്ഞെടുത്തു. വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികളെയും തിരഞ്ഞെടുത്തിട്ടുണ്ട്.


നേരത്തെ എല്‍ഡിഎഫ് വിട്ട കാപ്പന്‍ യുഡിഎഫില്‍ പ്രവേശിക്കുകയാണെന്ന് വ്യക്തമാക്കിയിരുന്നു. എന്‍സികെയെ ഘടകകക്ഷിയായി യുഡിഎഫില്‍ ഉള്‍പ്പെടുത്തണമെന്ന് മുന്നണി നേതൃത്വത്തെ അറിയിച്ചതായി കാപ്പന്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ അടക്കം മൂന്ന് സീറ്റുകള്‍ എന്‍സികെ ആവശ്യപ്പെടാനാണ് സാധ്യത. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ സീറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്നാണ് മാണി സി കാപ്പന്‍ എല്‍ഡിഎഫുമായി തെറ്റിപ്പിരിഞ്ഞത്. തുടര്‍ന്ന് എന്‍സിപിയില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു.


എല്‍ഡിഎഫ് തന്നോട് വന്‍ നീതികേട് കാണിച്ചുവെന്നും യുഡിഎഫില്‍ ഘടകകക്ഷിയായി ചേരുമെന്നും കാപ്പന്‍ പറഞ്ഞിരുന്നു. പുതിയ പാര്‍ട്ടിയെ കുറിച്ച്‌ ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നായിരുന്നു അദ്ദേഹം നേരത്തെ പറഞ്ഞതെങ്കിലും പിന്നീട് പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള തീരുമാനത്തിലെത്തുകയായിരുന്നു. ഇതിനിടെ കാപ്പന്‍ കോണ്‍ഗ്രസില്‍ ചേരണമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനടക്കമുള്ള നേതാക്കള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു,

യുഡിഎഫിന്‍റെ ഭാഗമായി നിന്ന് പാലായില്‍ വീണ്ടും വമ്പന്‍ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നും മാണി സി.കാപ്പന്‍ പറഞ്ഞു. പാലായില്‍ ജോസ് കെ.മാണിയായിരിക്കും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകുക.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K