22 February, 2021 02:23:56 PM
'രണ്ടില' പോയി; പുതിയ പാർട്ടി രൂപീകരിക്കാന്‍ പി ജെ ജോസഫും കുട്ടരും
തിരുവനന്തപുരം: രണ്ടില ചിഹ്നം സംബന്ധിച്ച് ഹൈക്കോടതി വിധി എതിരായ സാഹചര്യത്തിൽ പുതിയ പാർട്ടിയെക്കുറിച്ച് ജോസഫ് ഗ്രൂപ്പിൽ ആലോചന തുടങ്ങി. കേരളാ കോൺഗ്രസ് (ജെ), കേരളാ കോൺഗ്രസ് എം (ജെ) എന്നീ പേരുകളാണ് പരിഗണനയിലുള്ളത്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നതും ചർച്ച ചെയ്യും. കേരള കോൺഗ്രസ് അയോഗ്യത വിഷയത്തിലെ സ്പീക്കറുടെ നടപടി കൂടി പരിശോധിച്ചാകും തീരുമാനം.
രണ്ടില ചിഹ്നം സംബന്ധിച്ച ഹൈക്കോടതി വിധി എതിരായ സാഹചര്യത്തിൽ ഭാവി കാര്യങ്ങൾ ചർച്ച ചെയ്യാൻ പി.ജെ ജോസഫ് ആലോചന യോഗം വിളിച്ചു. രണ്ട് ദിവസത്തിനുള്ളിൽ ജോസഫ് ഗ്രൂപ്പ് അടിയന്തര നേതൃയോഗവും ചേരും. പുതിയ പാർട്ടി രൂപീകരിക്കുന്ന കാര്യമാണ് പ്രധാനമായും ചർച്ച ചെയ്യുക. കേരളാ കോൺഗ്രസ് (ജെ), കേരളാ കോൺഗ്രസ് എം (ജെ) എന്നീ പേരുകളാണ് പരിഗണനയിലുള്ളത്. പുതിയ പാർട്ടി രൂപീകരണത്തെക്കുറിച്ച് ഉടൻ തീരുമാനമുണ്ടാകുമെന്ന് ജോസഫ് വിഭാഗത്തിലെ പ്രമുഖ നേതാക്കൾ വ്യക്തമാക്കി.
കേരള കോൺഗ്രസ് അയോഗ്യത വിഷയത്തിലെ സ്പീക്കറുടെ നടപടി കൂടി പരിശോധിച്ചാകും പാർട്ടി തീരുമാനം. ഓഗസ്റ്റ് 24ന് ചേർന്ന നിയമസഭാ സമ്മേളനത്തിൽ വിപ്പ് ലംഘിച്ചതിന് ജോസ്, ജോസഫ് പക്ഷങ്ങൾ പരസ്പരം നൽകിയ പരാതികളിൽ സ്‌പീക്കർ പി. ശ്രീരാമകൃഷ്ണന്റെ നടപടി എതിരായാൽ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യവും ചർച്ച ചെയ്യും. വിഷയത്തിൽ സ്പീക്കർക്ക് ഇടപെടാൻ കഴിയുമോ എന്ന കാര്യത്തിൽ ഇരു വിഭാഗങ്ങളുടെയും വാദം സ്പീക്കർ നേരത്തെ കേട്ടിരുന്നു. വിഷയത്തിൽ സ്പീക്കറുടെ തീരുമാനം വ്യാഴാഴ്ച ഉണ്ടാകും.
അതിനിടെ നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ സീറ്റ് വിഭജന ചർച്ച അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്. രാഹുൽ ഗാന്ധി നാളെ യുഡിഎഫ് നേതാക്കളെ കാണുന്നതിന് മുൻപ് സീറ്റ് വിഭജനത്തിൽ ധാരണയിൽ എത്താനാണ് ശ്രമം.
മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളുടെ സീറ്റ് സംബന്ധിച്ച് മുന്നണിയിൽ ഏകദേശ ധാരണയായിട്ടുണ്ട്. ലീഗിന് നാല് സീറ്റ് വരെ അധികമായി നൽകിയേക്കും. മറ്റ് ഘടകകക്ഷികളുടെ സീറ്റിൽ തൽസ്ഥിതി തുടരാനാണ് തീരുമാനം. എന്നാൽ ജോസഫ് ഗ്രൂപ്പിന്റെ കാര്യത്തിൽ തർക്കം തുടരുകയാണ്. 12 സീറ്റ് ചോദിച്ച ജോസഫ് വിഭാഗത്തിന് എട്ട് സീറ്റിൽ അധികം നൽകാൻ സാധ്യത കുറവാണ്.
കോട്ടയം ജില്ലയിലെ സീറ്റുകള്‍ തന്നെയാണ് ഇപ്പോഴും തര്‍ക്കം. കടുത്തുരുത്തിയും ചങ്ങനാശ്ശേരിയും നല്‍കാമെന്ന് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ മൂന്ന് സീറ്റ് കൂടി വേണമെന്ന പിടിവാശിയിലാണ് ജോസഫ്. അതിനാൽ തന്നെ പി.ജെ ജോസഫിനെ അനുനയിപ്പിക്കാനുള്ള നീക്കവും സജീവം. ഘടകകക്ഷികളുടെ സിറ്റിംഗ് സീറ്റിൽ രണ്ട് ദിവസത്തിനുള്ളിൽ അന്തിമ തീരുമാനമുണ്ടാകും.