21 February, 2021 02:05:07 PM


'അയാളുടെ നാടിനെ രക്ഷിക്കാന്‍ അയാള്‍ ഏതറ്റം വരേയും പോകും'; ദൃശ്യം സ്റ്റൈലില്‍ 'വിജയയാത്ര'ക്ക് പോസ്റ്റര്‍



തൃശൂര്‍: സുരേന്ദ്രന്‍റെ വിജയ യാത്രക്ക് ദൃശ്യം സ്റ്റൈലില്‍ പോസ്റ്റര്‍ ഒരുക്കി ബി.ജെ.പി വക്താവ് സന്ദീപ് വാര്യര്‍. ആമസോണ്‍ പ്രൈമില്‍ പുറത്തിറങ്ങിയ ദൃശ്യം 2വിന് ആമസോണ്‍ ഡിസൈന്‍ ചെയ്ത പോസ്റ്ററിന് സമാനമായാണ് സന്ദീപ് വാര്യര്‍ പങ്കുവെച്ച പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്. ദൃശ്യത്തിലെ ടാഗ് ലൈനിന് സമാനമായി 'അയാളുടെ നാടിനെ രക്ഷിക്കാന്‍ അയാള്‍ ഏതറ്റം വരേയും പോകും' എന്നും പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 'അയാളുടെ കുടുംബത്തെ രക്ഷിക്കാന്‍ അയാള്‍ ഏതറ്റം വരെയും പോകുമെന്നത്' ദൃശ്യം സിനിമയിലെ സുപ്രധാന പഞ്ച് ഡയലോഗായിരുന്നു. 


കഴിഞ്ഞ ദിവസം ദൃശ്യം 2 വിജയത്തിന് കാരണം മോദിയുടെ ഡിജിറ്റല്‍ ഇന്ത്യയാണെന്ന് സന്ദീപ് ജി വാര്യര്‍ അഭിപ്രായപ്പെട്ടിരുന്നു. ഡിജിറ്റൽ ബാങ്കിംഗ് ട്രാൻസാക്ഷനിലെ വർധനവുണ്ടായിരുന്നില്ലെങ്കിൽ ഒ.ടി.ടി റിലീസിംഗ് ജനകീയവും വിജയവുമാകുമായിരുന്നില്ല. 2016ലെ നോട്ട് നിരോധനം ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ സജീവമാക്കി നിർത്താൻ സഹായിച്ചതിന്‍റെ നേർസാക്ഷ്യമാണ് ദൃശ്യം 2 ഒ.ടി.ടി റിലീസിംഗെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെ തന്നെയാണ് സന്ദീപ് വാര്യര്‍ ദൃശ്യത്തെക്കുറിച്ച് പ്രതികരിച്ചത്.


നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കെ സുരേന്ദ്രന്‍ വിജയ യാത്ര നടത്തുന്നത്. ഇന്ന് വൈകീട്ട് കാസര്‍കോട് വെച്ചാണ് വിജയ യാത്ര തുടക്കം കുറിക്കുക. യാത്ര ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും. ലൗ ജിഹാദ് മുതല്‍‌ ന്യൂനപക്ഷ പ്രീണനം വരെ ഉയര്‍ത്തിയാണ് ബിജെപിയുടെ യാത്ര. യാത്രയുടെ ഭാഗമായി 14 സ്ഥലത്ത് റാലികളും 80 കേന്ദ്രങ്ങളില്‍ പൊതുസമ്മേളനവും നടത്തും. ഓരോ റാലികളിലും പരമാവധി പ്രവര്‍ത്തകരെ എത്തിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. 


വ്യാഴാഴ്ച രാത്രിയോടെയാണ് ദൃശ്യം 2 ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മീന, അന്‍സിബ, എസ്തര്‍, സിദ്ദിഖ്, ആശ ശരത് എന്നിങ്ങനെ ആദ്യ ഭാഗത്തിലെ മിക്ക താരങ്ങളും ഉണ്ട്. രണ്ടാം ഭാഗത്തില്‍ മുരളി ഗോപി, സായികുമാര്‍, ഗണേഷ് കുമാര്‍ തുടങ്ങിയവര്‍ പുതിയതായി എത്തി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K