19 February, 2021 10:54:58 AM
'ഇങ്ങനെ കടംവാങ്ങി ജീവിക്കാന്‍ കഴിയുമോ?'; കിഫ്ബിക്കും സര്‍ക്കാറിനും എതിരെ ഇ. ശ്രീധരന്‍
തിരുവനന്തപുരം: ബി.ജെ.പിയില്‍ ചേരുമെന്നും പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും വ്യക്തമാക്കിയതിന് പിന്നാലെ സംസ്ഥാന സര്‍ക്കാറിനും കിഫ്ബിക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി ഇ. ശ്രീധരന്‍. കേരളത്തിന് ഏറ്റവും ദ്രോഹം ചെയ്തിരിക്കുന്നത് കിഫ്ബിയാണ്. ഇങ്ങനെ കടംവാങ്ങി കടംവാങ്ങി നമുക്ക് ജീവിക്കാന്‍ കഴിയുമോ എന്നും ഇതെല്ലാം ആര് വീട്ടുമെന്നും അദ്ദേഹം ചോദിച്ചു.
ഇന്ന് ഓരോ കേരളീയന്‍റെ തലയിലും 1.2 ലക്ഷം കടമാണുള്ളത്. കിഫ്ബി കടംവാങ്ങി ചെയ്ത പണികള്‍ ഒന്നും ലാഭകരമല്ലെന്നും ഇ. ശ്രീധരന്‍ പറഞ്ഞു. ആരോഗ്യമേഖലയില്‍ ഈ സര്‍ക്കാര്‍ ചില നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും വിദ്യാഭ്യാസ മേഖലയില്‍ ഒന്നും ചെയ്തിട്ടില്ലെന്ന് ഇ. ശ്രീധരന്‍ പറഞ്ഞു. ആരോഗ്യമേഖലയിലെ വികസനത്തിനുള്ള ക്രെഡിറ്റ് ശൈലജ ടീച്ചര്‍ക്ക് നല്‍കണമെന്നും ശ്രീധരന്‍ പറഞ്ഞു.
പല റെയില്‍വേ പ്രോജക്റ്റുകളും എല്‍.ഡി.എഫ് സര്‍ക്കാര്‍ വേണ്ടെന്ന് വച്ചെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നിലമ്പൂര്‍ നഞ്ചംകോട് ലൈന്‍, തിരുവന്തപുരം ലൈറ്റ് മെട്രോ, കോഴിക്കോട് ലൈറ്റ് മെട്രോ എന്നിവ ഒന്നും നടപ്പാക്കാതെ അവര്‍ക്ക് സൗകര്യം പോലെ, പേര് വര്‍ദ്ധിപ്പിക്കുന്ന പ്രോജക്റ്റുകളാണ് എടുക്കുന്നതെന്നും ശ്രീധരന്‍ പറഞ്ഞു. പ്രളയം ഉണ്ടായതിന്‍റെ കാരണം പോലും സര്‍ക്കാറിന് ഇതുവരെ കണ്ടുപിടിക്കാനായിട്ടില്ല. മനുഷ്യനിര്‍മിതമാണ് പ്രളയമെന്നും ഒരു വിദഗ്ദ്ധ സമിതി ഉണ്ടാക്കി പ്രളയത്തിന്‍റെ കാരണവും വരാതിരിക്കാന്‍ എന്ത് ചെയ്യണം എന്നും കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.