17 February, 2021 09:35:15 PM


ദുരന്തമുഖത്ത് സഹായവുമായി ഇനി അഗ്നിശമനസേനയുടെ സിവിൽ ഡിഫൻസ് ഫോഴ്സും



കോട്ടയം: കേരളാ ഫയർ & റെസ്ക്യൂ സിവിൽ ഡിഫൻസ് ആദ്യ ബെറ്റാലിയന്‍റെ പാസിംഗ് ഔട്ട് പരേഡ് ഇന്നലെ  സംസ്ഥാനത്ത് നടത്തപ്പെട്ടു.  മുഖ്യമന്ത്രി പിണറായി വിജയൻ, ഫയർ & റെസ്ക്യൂ ഡയറക്ടർ ജനറൽ ഡോ. ബി സന്ധ്യ, സിവിൽ ഡിഫൻസ് ആർ എഫ് ഒ സിദ്ധകുമാർ, ഡയറക്ടർ ടെക്നിക്കൽ എം നൗഷാദ് എന്നിവർ ഓൺലൈനിൽ സല്യൂട്ട് സ്വീകരിച്ചു. 14 ജില്ലാ ആസ്ഥാനങ്ങളിലായി ഇന്നലെ 2400 ഓളം സേന അംഗങ്ങൾ  പാസിംഗ് ഔട്ട് നടത്തി.


കേരളത്തിലെ ഓരോ അഗ്നിരക്ഷാനിലയങ്ങളുടെ കീഴിലും 50 പേര് വീതം പ്രാദേശിക, ജില്ലാ, സംസ്ഥാന തലങ്ങളില്‍ പരിശീലനം നേടി പ്രവര്‍ത്തിക്കും. കേരളത്തിലെ നിലവിലുള്ള 124 ഫയര്‍ സ്റ്റേഷനുകളുടെ കീഴില്‍ 6200 പരിശീലനം നേടിയ സിവിൽ ഡിഫൻസ് അംഗങ്ങളുടെ സേവനമാണ് വിഭാവനം ചെയ്യുന്നത്. ഇതിൽ 2400 ഇൽ പരം അംഗങ്ങൾ ഇന്നലെ പരിശീലനം പൂർത്തിയാക്കി  പാസിംഗ് ഔട്ട് പരേഡ് നടത്തി. ഡോക്ടർമാർ, എഞ്ചിനീയർമാർ,  പാരാമെഡിക്കുകൾ, നീന്തൽ വിദഗ്ധർ, സൈക്കോളജി സ്റ്റുകൾ, ഐടി പ്രൊഫഷണലുകൾ തുടങ്ങിയ വിദഗ്ധതൊഴിൽ മേഖലകളിൽ നിന്നുള്ളവരും പരിശീലനം ലഭിച്ച ഈ സേനയിൽ ഉൾപ്പെടുന്നു.


ദുരന്തമുഖത്ത് അടിയന്തിര ദുരന്ത നിവാരണ പ്രവർത്തനങ്ങൾ നടത്തി ജീവൻ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പ്രത്യേകം പരിശീലനം ലഭിച്ച ദൗത്യ സേനയാണ് കേരളാ സിവിൽ ഡിഫൻസ് ഫോഴ്സ്. ആഭ്യന്തര വകുപ്പ്  2019 ൽ പുറത്തിറക്കിയ സർക്കാർ ഉത്തരവ് പ്രകാരമാണ് കേരളത്തിൽ സിവിൽ ഡിഫന്‍സ് രൂപീകൃതമായത്. കേരളാ ഫയര്‍ & റെസ്ക്യു സര്‍വ്വീസസ് ഡയറക്ടര്‍ ജനറൽതന്നെയാണ് ഹോം ഗാര്‍ഡ്സിന്‍റെയും സിവിൽ ഡിഫൻസിന്‍റെയും മേധാവി. തിരുവനന്തപുരം ആസ്ഥാനമായി ഒരു  റീജിയണൽ ഫയർ ഓഫീസറും  ജില്ലകളിൽ ജില്ലാ ഫയർ ഓഫീസറും  സിവിൽ ഡിഫൻസിന്‍റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കും. അതാത് ജില്ലാകളക്ടർമാർ ആയിരിക്കും സേനയുടെ പ്രവർത്തനം ജില്ലാതലത്തിൽ നിയന്ത്രിക്കുക.



1968ൽ നിലവിൽ വന്ന സിവിൽ ഡിഫൻസ് ആക്ട് അനുസരിച്ചുള്ള ചുമതലകള്‍ക്ക് പുറമെ സിവിൽ ഡിഫൻസ് (അമെന്‍റ്മെന്‍റ്) ആക്ട് 2009ന്‍റെ 2010ലെ മൂന്നാം വിജ്ഞാപനത്തിലൂടെ ദുരന്തനിവാരണം കൂടി സിവിൽ ഡിഫൻസ് വിഭാഗത്തിന്‍റെ അധിക ചുമതലയായി ഉൾപ്പെടുത്തിയിട്ടുണ്ട്.  ഇതനുസരിച്ച് പ്രകൃതിദത്തമോ മനുഷ്യനിര്‍മ്മിതമോ ആയ അത്യാഹിതം/ദുരന്തം ഫലപ്രദമായി നേരിടുന്ന ചുമതല കൂടി സിവിൽ ഡിഫൻസ് സേന നിര്‍വ്വഹിക്കും.


ഏതൊരു ആപത്ഘട്ടത്തിലും ജനങ്ങൾക്ക് ആദ്യ സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിലെ എല്ലാ അഗ്നിരക്ഷാ നിലയങ്ങളിലും പ്രാദേശിക, ജില്ലാ, സംസ്ഥാന തലങ്ങളിൽ പരിശീലനം നേടിയ ഫോഴ്സ് പ്രവര്‍ത്തിക്കുന്നു. യുദ്ധകാല പരിതസ്ഥിതികളും കടുത്ത ദുരന്താഘാത സ്ഥിതിയും നേരിടുന്നതിനും ദുരന്ത നിവാരണം, പ്രാഥമിക ശുശ്രൂഷ, ഫയർ ഫൈറ്റ് തുടങ്ങിയ ജീവൻ രക്ഷാ പ്രവർത്തനങ്ങളിലും പ്രത്യേക പരിശീലനം ലഭിച്ചിട്ടുള്ളവരാണ് സിവിൽ ഡിഫൻസ് അംഗങ്ങൾ. വിയ്യൂർ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിവിൽ ഡിഫൻസ് അക്കാദമിയിലും കേരള ഫയർ & റെസ്ക്യു സർവ്വീസസ് അക്കാദമിയിലുമായിരുന്നു പരിശീലനം.


ദുരന്തനിവാരണ അഗ്നിരക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുക, ആപത്ഘട്ടങ്ങളില്‍ സ്വത്തുവകകളുടെ നഷ്ടം പരമാവധി കുറയ്ക്കുക, ജനങ്ങളുടെ മനോവീര്യം ഉണര്‍ത്തുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. പ്രകൃതിദുരന്ത സാധ്യതാ മുന്നറിയിപ്പുകൾ പ്രാദേശിക തലത്തിൽ ജനങ്ങളെ അറിയിച്ചു ജാഗരൂകരാക്കുക,  അത് ബാധിക്കപ്പെടുന്ന ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ചെയ്യുക,ആവശ്യമെങ്കിൽ അതിനുള്ള കൂടുതൽ  നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാര സ്ഥാപനങ്ങളോട് ആവശ്യപ്പെടുക എന്നിവയാണ് ഫോഴ്സ് അംഗങ്ങളുടെ പ്രധാന ചുമതല. അപകടങ്ങളോ പ്രകൃതിദുരന്തങ്ങളോ ഉണ്ടാകുമ്പോൾ അതിന്‍റെ വ്യാപ്തി മനസ്സിലാക്കി രക്ഷാപ്രവർത്തകർക്കും പോലീസിനും മറ്റ് ബന്ധപ്പെട്ട വകുപ്പുകൾക്കും അധികാരികൾക്കും സമയബന്ധിതമായ അറിയിപ്പ് നൽകുകയും വേണം.


കൂടുതൽ രക്ഷാപ്രവർത്തകർ എത്തിച്ചേരുന്നതിനുള്ള ഇടവേളയിൽ പ്രാദേശികമായി ചെയ്യാവുന്ന മുന്നൊരുക്കങ്ങളും ദുരന്തത്തിന്റെ വ്യാപ്തി കൂടാതെയിരിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുകയും, അതിനായി പരിസരവാസികൾക്ക് നിര്ദ്ദേശവും നേതൃത്വവും നല്കുകയും, അപകടത്തിൽപ്പെട്ടവർക്ക് അടിയന്തിരവും ശരിയായ രീതിയിലുള്ളതുമായ സഹായമെത്തിക്കുയുമെല്ലാം ദൗത്യങ്ങളിൽപെടുന്നു. സുരക്ഷാ പ്രവർത്തനങ്ങളിൽ ജനങ്ങൾക്കൊപ്പം നിൽക്കുന്ന സിവിൽ ഡിഫെൻസ്  സേനയുടെ സേവനങ്ങൾ പൊതുജനങ്ങൾക്ക് ഏത് സമയത്തും ആപത് ഘട്ടങ്ങളിൽ  ലഭ്യമാണ്. അതിനായി തൊട്ടടുത്ത അഗ്നിശമന നിലയത്തിൽ ബന്ധപ്പെടാം.


കോട്ടയത്ത് പോലിസ് പരേഡ് ഗ്രൗണ്ടിൽ നടന്ന കോട്ടയം ഡിവിഷന്‍റെ പരേഡിൽ കോട്ടയം ഡി എഫ് ഒ  ഷിനോയ് കെ ആർ സല്യൂട്ട് സ്വീകരിച്ചു. മജീഷ് ടി എം ( ഡെപ്യൂട്ടി റീജിയണൽ വാർഡൻ ), സ്മികേഷ് ഓലിക്കൻ ( കോട്ടയം ജില്ലാ വാർഡൻ), വിശാൽ സോണി (ഡെപ്യൂട്ടി ഡിവിഷണൽ വാർഡൻ) ,നിധീഷ് മോഹൻ ( പോസ്റ്റ് വാർഡൻ ,കോട്ടയം ഫയർ സ്റ്റേഷൻ )  , മഹേഷ് പി രാജു( ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ,കോട്ടയം ഫയർ സ്റ്റേഷൻ ), സിജിമോൻ എം ( പോസ്റ്റ് വാർഡൻ ,പാലാ  ഫയർ സ്റ്റേഷൻ ) തോമസ് മാത്യു  ( പോസ്റ്റ് വാർഡൻ , ചങ്ങനാശ്ശേരി ഫയർ സ്റ്റേഷൻ ) , അനീഷ് കുമാർ ( ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ,ചങ്ങനാശ്ശേരി ഫയർ സ്റ്റേഷൻ ), അരുൺകുമാർ  ( പോസ്റ്റ് വാർഡൻ , കടുത്തുരുത്തി , ഫയർ സ്റ്റേഷൻ )  , ഫസിൽ  വെള്ളൂപ്പറമ്പിൽ  ( പോസ്റ്റ് വാർഡൻ , ഈരാറ്റുപേട്ട  ഫയർ സ്റ്റേഷൻ )  ,വിഷ്ണു ഗോപാൽ ( ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ,കാഞ്ഞിരപ്പള്ളി  ഫയർ സ്റ്റേഷൻ ), ബിബിൻ സുനിൽ  ( ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ,പാമ്പാടി   ഫയർ സ്റ്റേഷൻ ), ഹേമന്ദ്  ( പോസ്റ്റ് വാർഡൻ , വൈക്കം  ഫയർ സ്റ്റേഷൻ ) എന്നിവർക്കൊപ്പം 100 സേന അംഗങ്ങൾ ഇന്നലെ  കോട്ടയം ഡിവിഷനിൽ നിന്നും പാസിംഗ് ഔട്ട് പരേഡ് പൂർത്തീകരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K