16 February, 2021 01:26:43 PM
സർക്കാരിനെ വിമർശിക്കുന്നത് രാജ്യദ്രോഹമല്ല - സുപ്രീംകോടതി മുൻ ജഡ്ജി ദീപക് ഗുപ്ത
ദില്ലി: ടൂൾ കിറ്റിൽ നിയമ വിരുദ്ധമായോ ദേശവിരുദ്ധമായോ ഒന്നുമില്ലെന്ന് സുപ്രീംകോടതി മുൻ ജഡ്ജി ദീപക് ഗുപ്ത. സർക്കാരിനെതിരെ സമാധാനപരമായി പ്രതിഷേധിക്കാൻ ഓരോ പൗരനും അവകാശമുണ്ട്. സർക്കാരിനെ വിമർശിക്കുന്നത് രാജ്യദ്രോഹമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍ഡിടിവിയില്‍ ഒരു ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ദീപക് ഗുപ്ത.
'അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും എതിരാണ് പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയുടെ അറസ്റ്റ്. അക്രമത്തിന് പ്രേരിപ്പിക്കുന്ന ഒന്നും ഞാന്‍ ടൂള്‍ കിറ്റില്‍ കണ്ടില്ല. അതില്‍ രാജ്യദ്രോഹമൊന്നുമില്ല. പ്രതിഷേധിക്കുന്നവരോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. അത് വേറെ കാര്യം.' ദീപക് ഗുപ്ത പറഞ്ഞു.
കൊളോണിയല്‍ കാലത്തുള്ളതാണ് രാജ്യദ്രോഹക്കുറ്റം. അന്നേ അത് ജീവപര്യന്തം വരെ നല്‍കുന്ന ഗുരുതരമായ കുറ്റമായിരുന്നു. നിര്‍ഭാഗ്യവശാല്‍ ആ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നു. വിയോജിപ്പുകളെ തടഞ്ഞുനിര്‍ത്താനായി ആ നിയമം ഉപയോഗിക്കപ്പെടുമെന്നും മുന്‍ ജഡ്ജി ദീപക് ഗുപ്ത പറഞ്ഞു.
അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് ദിഷ രവി. ടൂൾ കിറ്റ് കേസിൽ മറ്റ് രണ്ട് പേർക്കെതിരെ കൂടി ഡൽഹി പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ബോംബെയിലെ മലയാളി അഭിഭാഷക നിഖിത ജേക്കബ്, ശാന്തനു എന്നിവർക്കാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഖാലിസ്ഥാൻ അനുകൂല സംഘടനയായ പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന്‍ സ്ഥാപിച്ച എം ഒ ധലിവാലയുടെ ആവശ്യപ്രകാരം ഇവർ മൂന്ന് പേരും ചേർന്നാണ് ടൂൾകിറ്റ് നിർമിച്ചതെന്നാണ് പൊലീസ് വാദം.