13 February, 2021 10:23:38 PM


'അവിടെ നീര്‍നായയും ചീങ്കണ്ണിയും ഉണ്ട്'; "താറാവിന്‍കുഞ്ഞിന്" മുന്നറിയിപ്പുമായി വാസവന്‍



കോട്ടയം: പാലാ സീറ്റിനെച്ചൊല്ലി എല്‍ഡിഎഫ് വിട്ട് യുഡിഎഫിലെത്തിയ മാണി സി കാപ്പനൊരു കഥ ഓര്‍മിപ്പിച്ച് സിപിഎം കോട്ടയം ജില്ലാ സെക്രട്ടി വി.എന്‍ വാസവന്‍. മാണി സി കാപ്പന്‍റെ പേരെടുത്ത് പറയാതെയായിരുന്നു കഥ. 'താറാവിന്‍ കുഞ്ഞിനൊരു മുന്നറിയിപ്പ്' എന്നാണ് കഥയുടെ പേര്. തള്ളക്കോഴി കരുതലോടെ വളർത്തിയ താറാവിൻ കുഞ്ഞിന്‍റെ എടുത്തുചാട്ടത്തെ കുറിച്ചുള്ള കഥ എന്ന രീതിയിലാണ് വാസവന്‍റെ അവതരണം. ആ കഥയിങ്ങനെ...


പഴമക്കാർ പറഞ്ഞു കേട്ടൊരു കഥയുണ്ട്.......


പണ്ട് പണ്ട് വളരെ പണ്ട് ഒരിടത്തൊരു കോഴി ഉണ്ടായിരുന്നു. ഒരു പിടക്കോഴി , ഒരു തവണ അടയിരുന്നപ്പോൾ കൂട്ടത്തിൽ ഒരു താറാവിൻ മുട്ടയും അവൾ വച്ചു. കോഴി മുട്ടകൾ വിരിഞ്ഞതിനൊപ്പം താറാവിൻ മുട്ടയും വിരിഞ്ഞു. മീനച്ചിലാറിന്‍റെ തീരത്തായിരുന്നു തള്ളക്കോഴിയും കുഞ്ഞുങ്ങളും താമസം.

ഭക്ഷണം കഴിക്കാൻ വരെ പിന്നിലായിരുന്ന താറാവിൻ കുഞ്ഞിനെ തള്ളക്കോഴി കരുതലോടെയാണ് വളർത്തിയത്. വാഴതോപ്പിലും ചീരച്ചുവട്ടിലും കൊണ്ടുപോയി ചികഞ്ഞ് കൊത്തിയെടുത്ത് ഭക്ഷണവും വെള്ളവും കൊടുത്ത് വളർത്തി .

പതിവുപോലെ തീറ്റതേടിയിറങ്ങി കോഴി അമ്മയും മക്കളും പുഴയുടെ തീരത്തേക്ക് പോയി. കുറച്ചു കഴിഞ്ഞ് കോഴി അമ്മ കൊക്കി നിലവിളിക്കുന്ന ശബ്ദം കേട്ട് മറ്റ് കോഴിക്കുഞ്ഞുങ്ങൾ ഓടിചെന്നു. പുഴയുടെ തീരത്തു കൂടി ഓടിയാണ് കോഴി അമ്മയുടെ കൊക്കി വിളി. തങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന കുഞ്ഞ് താറാവ് മീനച്ചിലാറ്റിലെ കയത്തിലേക്ക് ചാടി നീന്താൻ പ്രയാസപ്പെടുന്നത് അവരും കണ്ടു. അതിനെകണ്ടാണ് തള്ളക്കോഴിയുടെ ബഹളം.

ഇത് കണ്ട് കൂടനിന്ന കോഴിക്കുഞ്ഞിൽ ഒരാൾ പറഞ്ഞു,

കണ്ടോ അവൻ ചാടിയതിന്‍റെ സങ്കടത്തിൽ അമ്മ കരയുകാ...

ഇത് കേട്ട തള്ളക്കോഴി ഒന്നു നിന്നു. എന്നിട്ടു പറഞ്ഞു, മക്കളെ അവൻ കയത്തിൽ ചാടിയാൽ നമ്മുക്കോ നമ്മുടെ വംശത്തിനോ ഒന്നും സംഭവിക്കില്ല, മാത്രമല്ല നമ്മൾക്ക് ഒരാളിന്‍റെ ഭക്ഷണത്തിന്‍റെ കരുതലും ഇനി വേണ്ട. പക്ഷെ അവൻ ചാടിയിരിക്കുന്നത് കയത്തിലേക്കാണെന്ന് അവന് അറിയില്ലല്ലോ, അവിടെ നീർനായും, നീർക്കോലിയും ചീങ്കണ്ണിയുമെല്ലാമുണ്ട്. അവർ അവനെ ഇരയാക്കും അക്കാര്യം അവനോട് പറയാൻ ശ്രമിച്ചതാ... എവിടെ കേൾക്കാൻ .... ബാ നമ്മൾക്ക് പോവാം കോഴി അമ്മ മക്കളെയും കൂട്ടി തീരത്തുനിന്ന് മടങ്ങി...


താറാവിന്‍കുഞ്ഞിനെപോലെയാണ് എല്‍ഡിഎഫ് കാപ്പനെ തങ്ങളോടൊപ്പം കൊണ്ടുനടന്നത് എന്ന് വ്യക്തമാക്കുന്നതായിരുന്നു മാണി സി കാപ്പന്‍റെ പേരെടുത്തുപറയാതെയുള്ള വാസവന്‍റെ കഥ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K