13 February, 2021 08:42:48 PM
സ്വന്തം പുസ്തകത്തിന്‍റെ ആദ്യ പ്രതി മോദിക്ക് സമ്മാനിച്ച ചിത്രം പുറത്തുവിട്ട് ശോഭാ സുരേന്ദ്രൻ
തിരുവനന്തപുരം: സജീവ പാർട്ടി പ്രവർത്തനത്തിലേക്കു മടങ്ങി എത്തുന്ന ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്‍റ് ശോഭാ സുരേന്ദ്രൻ സ്വന്തം പുസ്തകത്തിന്‍റെ ആദ്യ കോപ്പി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നൽകി പ്രകാശനം ചെയ്തു. നരേന്ദ്ര മോദി സർക്കാരിന്‍റെ സ്ത്രീപക്ഷ നയങ്ങളെയും നടപടികളെയും കുറിച്ചാണ് പുസ്തകം. മോദി ഞായറാഴ്ച കേരളത്തിൽ എത്താനിരിക്കെയാണ് ശോഭാ സുരേന്ദ്രന്‍റെ സന്ദർശനവും ചർച്ചയും പുസ്തക പ്രകാശനവും എന്നത് ശ്രദ്ധേയമായി.
ശോഭയുടെ പ്രതികരണക്കുറിപ്പ്:
'നരേന്ദ്ര മോദി: ജനപക്ഷത്തിലെ സ്ത്രീപക്ഷം' എന്ന പുസ്തകം കൊവിഡ് കാലത്തെ ഇടവേളയിൽ എഴുതിയ മൂന്നു പുസ്തകങ്ങളിൽ ആദ്യത്തേതാണ്. അക്ഷരാർത്ഥത്തിൽത്തന്നെ, മോദി ജിയുടെ ആഹ്വാനം ഉൾക്കൊണ്ട് പ്രതിസന്ധിയെ അവസരമാക്കി മാറ്റുകയാണു ചെയ്തത്. മോദി സർക്കാരിൻ്റെ ആറു വർഷത്തെ പ്രവർത്തനങ്ങളിൽ രാജ്യത്തെ സ്ത്രീകൾക്കു വേണ്ടി നടപ്പാക്കിയ നയങ്ങളും തീരുമാനങ്ങളും സ്വതന്ത്ര ഇന്ത്യ ഇതുവരെ ഇക്കാര്യത്തിൽ ചെയ്തതിലും പല ഇരട്ടിയാണ്. അവയുടെ രാഷട്രീയവും സാമൂഹികവും സാമ്പത്തികവും നീതി പരവുമായ ദർശനങ്ങൾ കേരളത്തിന് മുന്നിൽ അക്കമിട്ടു നിരത്താൻ കഴിഞ്ഞു. ഇനി വൈകാതെ ഇംഗ്ലീഷിലും പ്രസിദ്ധീകരിക്കണം എന്ന് ആഗ്രഹിക്കുന്നു.
സത്യത്തിൽ പേടി വിറച്ചാണ് ഞാൻ മോദിജിയെക്കുറിച്ച് ഒരു പുസ്തകം എഴുതിത്തുടങ്ങിയത്. രാജ്യവും ലോകവും ഏറെ ആദരിക്കുന്ന നമ്മുടെ പ്രധാനമന്ത്രിയെയും അദ്ദേഹത്തിൻ്റെ ജനപക്ഷത്തിലെ സ്ത്രീപക്ഷത്തെയും കുറിച്ച് എഴുതുമ്പോൾ കൂടുതൽ കരുതൽ വേണം എന്നതാണു കാരണം. പക്ഷേ, പോകെപ്പോകെ സർവ്വേശ്വരൻ എന്നെക്കൊണ്ട് എഴുതിക്കുക തന്നെ ആയിരുന്നു; ഞാനുൾപ്പെടുന്ന സ്ത്രീസമൂഹത്തിന് മോദി ജിയും അദ്ദേഹത്തിൻ്റെ സർക്കാരുകളും നൽകിയ, നൽകിക്കൊണ്ടിരിക്കുന്ന പരിഗണന, കരുതൽ, ജാഗ്രത തുടങ്ങിയതെല്ലാം എല്ലാ വിശദാംശങ്ങളോടെയും വിരൽത്തുമ്പിൽ വന്നു.
ഇനിയും ഏറെ എഴുതാനുണ്ട് എന്ന തിരിച്ചറിവോടെ തന്നെയാണ് എഴുത്ത് നിർത്തിയതും അച്ചടിക്കയച്ചതും. അത്തരം കൂട്ടിച്ചേർക്കലുകൾ വരുത്താനും ആദ്യ പുസ്തകത്തിൻ്റെ പരിമിതികൾ മറികടക്കാനും ഇംഗ്ലീഷ് പതിപ്പിലും മറ്റു രണ്ടു പുസ്തകങ്ങളിലും ശ്രമിക്കുകയാണ്. അമിത്ഷാ ജിയുടെ രാഷ്ട്രീയ ജീവിതവും യോഗി ആദിത്യനാഥ് ജിയുടെ ജൈത്രയാത്രയുമാണ് മറ്റു പുസ്തങ്ങളിൽ.
ആദ്യ പുസ്തകത്തിന്‍റെ ആദ്യപ്രതി ആദരണീയനായ മോദിജിക്കു നൽകാൻ കഴിഞ്ഞതിൻ്റെ അഭിമാനത്തിലും ആഹ്ലാദത്തിലും മനസ്സ് നിറഞ്ഞിരിക്കുന്നു.