11 February, 2021 02:37:58 PM
ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി ഇഡി സുപ്രീംകോടതിയിൽ
ദില്ലി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സുപ്രീംകോടതിയിൽ.
ശിവശങ്കറിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നും ജാമ്യത്തിൽ കഴിയുന്നത് സാക്ഷികളെ സ്വാധീനിക്കുന്നതിന് പോലും വഴിവയ്ക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ഇഡി സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. ഹർജി വേഗത്തിൽ പരിഗണിക്കണമെന്നും ആവശ്യമുണ്ട്.
ശിവശങ്കറിനെതിരെ തെളിവുകളില്ലെന്ന് ഹൈക്കോടതി പറഞ്ഞിട്ടില്ലെന്ന് ഹർജിയിൽ ഇഡി ചൂണ്ടിക്കാട്ടുന്നു. സ്വർണക്കടത്ത് കേസ്, കള്ളപ്പണക്കേസ്, ഡോളർ കടത്ത് എന്നിങ്ങനെ മൂന്ന് കേസുകളിലാണ് ശിവശങ്കറിനെ കസ്റ്റംസും ഇഡിയും അറസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ ഒക്ടോബര്‍ 28നാണു കള്ളപ്പണക്കേസില്‍ ശിവശങ്കര്‍ അറസ്റ്റിലായത്. 98 ദിവസത്തെ ജയില്‍വാസത്തിനുശേഷമാണ് ശിവശങ്കർ ജയിൽ മോചിതനായത്.