11 February, 2021 12:42:03 PM
'ലീഡർ പാർട്ടി വിട്ടപ്പോഴും ഞാൻ പോയില്ല, അടിയുറച്ച കോൺഗ്രസുകാരൻ' - ധർമജൻ
കോഴിക്കോട്: തന്റെ സ്ഥാനാർത്ഥിത്വം തീരുമാനിക്കേണ്ടത് പാർട്ടിയാണ് എന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനായി പ്രചാരണ രംഗത്ത് സജീവമായി ഉണ്ടാകുമെന്നും നടൻ ധർമജൻ ബോൾഗാട്ടി. പാർട്ടി സീറ്റു നൽകുകയാണ് എങ്കിൽ പോരാടാനുള്ള മണ്ഡലമാണ് തരേണ്ടതെന്നും ധർമജൻ മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
'എന്റേത് കോൺഗ്രസ് കുടുംബമാണ്. അച്ഛനും ജ്യേഷ്ഠനും കോൺഗ്രസ് നേതാക്കളായിരുന്നു. സ്‌കൂളിലും കോളജിലും കെഎസ് യു നേതാവായിരുന്നു. സേവാ ദളിന്റെ ദേശീയ ക്യാമ്പിൽ അടക്കം പങ്കെടുത്തിട്ടുണ്ട്. ഞാൻ കണ്ടു വളർന്ന രാഷ്ട്രീയം കോൺഗ്രസാണ്. ഇഷ്ടപ്പെട്ട രാഷ്ട്രീയകക്ഷിയും കോൺഗ്രസാണ്' - ധർജൻ പറഞ്ഞു.
ഏറ്റവും ഇഷ്ടപ്പെട്ട നേതാവ് കെ കരുണാകരനാണെന്നും ധർമജൻ കൂട്ടിച്ചേർത്തു. ലീഡർ ഒരു ഘട്ടത്തിൽ പാർട്ടി വിട്ടപ്പോഴും ഞാൻ കോൺഗ്രസ് വിട്ടില്ല. ലീഡർ തിരിച്ചുവരട്ടെ എന്ന് കരുതി കാത്തിരുന്നു. ഇ.കെ നായനാരെയും ഇഷ്ടമാണ്. സീരിയസായി രാഷ്ട്രീയം വീക്ഷിക്കുന്ന ഒരാളാണ്. സീരിയസായി കുടുംബം നോക്കുന്നയാളാണ്. സിനിമാക്കാരനാണ്. സിനിമ എന്റെ ജീവിതോപാധിയാണ്. രാഷ്ട്രീയം എന്റെ രക്തത്തിലോടുന്നതാണ്. രണ്ടിനെയും മാറ്റി നിർത്താൻ പറ്റില്ല.
ബാലുശ്ശേരിയിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് 'ബാലുശ്ശേരിയിൽ കൂടുതൽ സൗഹൃദങ്ങൾ ഉണ്ട്. അതു കൊണ്ടു തന്നെ ഇഷ്ടവുമുണ്ട്' എന്നായിരുന്നു ധർമജന്റെ ഉത്തരം. പോരാടാനുള്ള മണ്ഡലത്തിൽ രംഗത്തിറങ്ങാനാണ് താത്പര്യമെന്നും അദ്ദേഹം ആവർത്തിച്ചു.