09 February, 2021 11:04:08 AM
'ഞാൻ എന്തു കൊണ്ട് ബിജെപി ആയി?' വിശദീകരണവുമായി മുൻ ഡിജിപി ജേക്കബ് തോമസ്
തൃശൂര്‍: താൻ ബിജെപി ആയത് എന്തിനെന്ന് വിശദീകരിച്ച് മുൻ ഡിജിപി ജേക്കബ് തോമസ്. ഇക്കഴിഞ്ഞ ഫെബ്രുവരി നാലിന് ബിജെപി അംഗത്വം സ്വീകരിച്ച മുൻ വിജിലൻസ് ഡയറക്ടർ കൂടിയായ ജേക്കബ് തോമസ്, ഇത്തരമൊരു തീരുമാനം എടുക്കാനുണ്ടായ കാരണം ഫേസ്ബുക്കില്‍ വിശദീകരിച്ചിരിക്കുന്നത്. 'ഞാൻ എന്തു കൊണ്ട് BJP ആയി' ? എന്ന തലക്കെട്ടോടെയാണ്.
ജനങ്ങളെ നീതിപൂർവം സേവിക്കാനും സത്യസന്ധമായി ഭരണഘടന അനുശാസിക്കുന്ന രീതിയിൽ ജോലി ചെയ്യാനും ആഗ്രഹിച്ചിരുന്ന തന്നെ, സ്വാർത്ഥരായ രാഷ്ട്രബോധമില്ലാത്ത ചിലരുടെ താൽപര്യത്തിനും ഇഷ്ടത്തിനും എതിരുനിന്നപ്പോൾ ദ്രോഹിക്കുകയും മാനസീകമായി പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്തു എന്നാണ് ജേക്കബ് തോമസ് ആരോപിക്കുന്നത്. ചില കള്ളരാഷ്ട്രീയക്കാരുടെ അഴിമതിക്ക് കൂട്ടുനിൽക്കാനാവാതെ വന്നതോടെ ഒറ്റപ്പെടുകയും വേദനിക്കുകയും ചെയ്തു.
ജനങ്ങൾക്കായി രാജ്യത്തിനായി എന്ത് ചെയ്യണമെന്ന് ചിന്തിച്ചപ്പോൾ, സ്വന്തം കടമ ചെയ്യാനാകാതെ വേദനിച്ചപ്പോൾ, നേടിയ വിദ്യാഭ്യാസം ആർക്കും ഉപകാരമില്ലാതെ പാഴാകരുതെന്ന് തിരിച്ചറിഞ്ഞപ്പോൾ മാത്രമാണ് പ്രവർത്തിക്കാനുള്ള പ്ലാറ്റ്ഫോം ആയി ബിജെപി തെരഞ്ഞെടുത്തത് എന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
ജേക്കബ് തോമസിന്‍റെ ഫേസ്ബുക്ക് കുറിപ്പ്:
"സിവിൽ സർവീസിന് പോകുമ്പോൾ രാജ്യത്തെയും ജനങ്ങളേയും സേവിക്കാമെന്ന് (serving the public) ആഗ്രഹിച്ചു. എൻ്റെ നാട്ടിൽ എൻ്റെ നേതാക്കളുടെ കൂടെ ജനങ്ങളെ നീതിപൂർവ്വകമായി സേവിക്കാനും സത്യസന്ധമായി ഭരണഘടന അനുശാസിക്കുന്ന രീതിയിൽ ജോലി ചെയ്യാനും ആഗ്രഹിച്ചു. എന്നാൽ സ്വാർത്ഥരായ രാഷ്ട്രബോധമില്ലാത്ത - ചിലരുടെ താൽപര്യത്തിന്/ ഇഷ്ടത്തിന് ഞാൻ എതിരുനിന്നപ്പോൾ എന്നെ ദ്രോഹിച്ചു. മാനസീകമായി പീഡിപ്പിച്ചു - അപമാനിച്ചു. ചില കള്ള രാഷ്ട്രീയക്കാരുടെ അഴിമതിക്ക് കുട്ടുനിൽക്കാനാവാതെ ഞാൻ ഒറ്റപ്പെട്ടു. വേദനിച്ചു - എൻ്റെ ജനങ്ങൾക്കായി 'എൻ്റെ രാജ്യത്തിനായി എന്തു ചെയ്യണമെന്നു ചിന്തിച്ചപ്പോൾ ജന്മനാടിന്റെ ആത്മാവ് കണ്ടെത്തിയ സ്വാമി വിവേകാനന്ദയും, ശ്രീനാരായണഗുരുവുമൊക്കെയാണ് ശരിയെന്നു ബോദ്ധ്യമായപ്പോൾ ,എൻ്റെ കടമ ചെയ്യാനാവാതെ ഞാൻ വേദനിച്ചപ്പോൾ , എൻ്റെ വിദ്യാഭ്യാസം ആർക്കും ഉപകാരമില്ലാതെ പാഴാകരുതെന്ന് തിരിച്ചറിഞ്ഞപ്പോൾ, അപ്പോൾ മാത്രമാണ്, പ്രവർത്തിക്കാനുള്ള പ്ലാറ്റ്ഫോം ആയി BJP ആയത്."