03 February, 2021 07:00:30 PM


ശബരിമല വിഷയത്തില്‍ സി പി എമ്മിനും ബിജെപിക്കും ഏകനിലപാട് - ചെന്നിത്തല



കല്‍പ്പറ്റ: ശബരിമല വിഷയത്തില്‍ സി പി എമ്മിനും ബി ജെ പിക്കും ഏകനിലപാടായിരിക്കുന്നുവെന്നും രണ്ട് പേരും അതിനെക്കുറിച്ച് മിണ്ടണ്ട എന്നാണ് ഇപ്പോള്‍ തിരുമാനിച്ചിരിക്കുന്നതെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ശബരിമല വിഷയം ഉന്നയിക്കാന്‍  സി പി എമ്മും ബി ജെ പിയും ഭയക്കുന്നത് അത് അവരുടെ  പുതിയ കൂട്ടുകെട്ടിന് തടസമാകും എന്ന് കരുതിയാണെന്നും ചെന്നിത്തല ആരോപിച്ചു.


ഐശ്വര്യകേരളയാത്രയ്ക്കിടെ വയനാട്ടില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല. മുഖ്യമന്ത്രിയുടെ  ധാര്‍ഷ്ട്യത്തിന്റെ ഫലമായിട്ടാണ് ശബരിമലയെ ഒരു കലാപഭൂമിയാക്കി മാറ്റിയത്. ഭക്തജനങ്ങളുടെ മനസില്‍ ആഴത്തില്‍ മുറിവേറ്റ ശബരിമല വിഷയത്തില്‍ രണ്ടു കൂട്ടരും കണ്ണടക്കുകയാണ്. സുപ്രിം കോടതിയിലെ റിവ്യു ഹര്‍ജി വേഗത്തില്‍ പരിഗണനക്ക് എടുക്കണമെന്ന് ആവശ്യപ്പെടാന്‍ സംസ്ഥാന സര്‍ക്കാര്‍  തയ്യാറുണ്ടോ.  ഇതിന് മുഖ്യമന്ത്രി മറുപടി പറയണം.  


ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിന് വേണ്ടി   കേന്ദ്രത്തിന്  നിയമ നിര്‍മാണം നടത്താന്‍ കഴിയും. അങ്ങനെ നിയമം നിര്‍മിക്കുമെന്ന്   പ്രധാനമന്ത്രി ഇവിടെ വന്ന് പ്രഖ്യാപിച്ചതുമാണ്.  എന്തു കൊണ്ടാണ് അത് ചെയ്യാത്തത്. അതിന് സംസ്ഥാനത്തെ ബി ജെ പി നേതൃത്വം മുന്‍കൈ എടുക്കുമോ? ശബരിമലയെ കലാപ ഭൂമിയാക്കി മാറ്റാന്‍ ബി ജെ പിയും സി പിഎമ്മും നടത്തിയ ശ്രമം ജനങ്ങള്‍ കണ്ടതാണ്. പ്രശ്നം വേഗത്തില്‍  പരിഹരിക്കാന്‍ ഇരുകൂട്ടര്‍ക്കും താല്‍പര്യമില്ല.  

 സര്‍ക്കാരിന്റെ നിലപാട് തെറ്റായിരുന്നുവെന്ന് സി പിഎം തന്നെ വിലയിരുത്തിയല്ലേ? അങ്ങിനെയാണെങ്കില്‍  എന്ത് കൊണ്ട് സത്യവാങ്ങ് മൂലം തിരുത്തി നല്‍കുന്നില്ല. അപ്പോള്‍ ആത്മാര്‍ത്ഥ ഇല്ലാത്ത  നിലപാടാണ് സി പി എമ്മിന്റെത്.   ബി ജെപിയെ ശക്തിപ്പെടുത്തുക, അതുവഴി യു ഡിഎഫിനെ തോല്‍പ്പിക്കുക എന്നതാണ് സി പി എം  ലക്ഷ്യമിട്ടത്.  യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ ശബരി മലയിലെ വിശ്വാസ സംരകഷണത്തിനായി നിയമം കൊണ്ടുവരും. ചെന്നിത്തല വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K