20 January, 2021 01:38:03 PM
കെ.വി.തോമസ് കോണ്‍ഗ്രസ് വിടുന്നു?; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും
കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ് പാർട്ടി വിടുന്നുവെന്ന് സൂചന. നിയമസഭാ തെരഞ്ഞെടുപ്പിൽ കെ വി തോമസ് എൽഡിഎഫ് സ്ഥാനാർഥിയായി എറണാകുളത്ത് മത്സരിച്ചേക്കും. പാർട്ടിക്കുളളിൽ നിരന്തരം അവഗണന നേരിടുന്നുവെന്ന് കെ വി തോമസ് നേരത്തെ പരാതി ഉന്നയിച്ചിരുന്നു.
ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് പിന്നാലെയാണ് കെ വി തോമസ് കോൺഗ്രസ് നേതൃത്വവുമായി തെറ്റുന്നത്. കെപിസിസി വർക്കിംഗ് പ്രസിഡൻറ് പദവി ഉൾപ്പടെ സംഘടനാ തലത്തിൽ പദവികൾ വേണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടില്ല. ഏറ്റവുമൊടുവിൽ നിയമസഭാ തെരഞ്ഞെടുപ്പ് ചുമതലകളിലും പ്രാതിനിധ്യം ലഭിക്കാതായതോടെ കടുത്ത നിലപാടിലേക്ക് പോകാൻ കെ വി തോമസ് തയ്യാറെടുക്കുന്നതായാണ് സൂചന. ഈ മാസം 23ന് മാധ്യമങ്ങളെ കാണാനാണ് അദ്ദേഹത്തിന്‍റെ തീരുമാനം.
സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്ന സിപിഎം നേതൃത്വം കെ വി തോമസുമായി പ്രാഥമിക ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്. എറണാകുളം മണ്ഡലത്തിൽ ഇടത് സ്വതന്ത്രനായി അദ്ദേഹത്തെ മത്സരിപ്പിക്കാനാണ് സിപിഎം നീക്കം. ലത്തീൻ സമുദായത്തിനിടയിൽ നിർണായക സ്വാധീനമുളള കെ വി തോമസിലൂടെ എറണാകുളത്തിന് പുറമേ മറ്റു മണ്ഡലങ്ങളിലും നേട്ടമുണ്ടാക്കാനാകുമെന്നും എൽഡിഎഫ് വിലയിരുത്തുന്നു. കെ വി തോമസിന്‍റെ സമ്മർദ്ദ തന്ത്രങ്ങൾക്ക് വഴങ്ങേണ്ടെന്ന് കോൺഗ്രസ് നേതൃത്വം തീരുമാനിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം പാർട്ടി വിട്ടാൽ എറണാകുളത്ത് തിരിച്ചടിയുണ്ടാകുമെന്ന ആശങ്ക ഒരു വിഭാഗത്തിനുണ്ട്.