17 January, 2021 05:51:43 AM
സമരം ശക്തമാക്കുന്നതിനിടെ, കർഷക സംഘടനാ നേതാവിന് നോട്ടീസയച്ച് എൻഐഎ
ദില്ലി : കേന്ദ്രസർക്കാർ നടത്തിയ ഒൻപതാം ഘട്ട ചർച്ചയും പരാജയപ്പെട്ടതിനെത്തുടർന്ന് കർഷക സംഘടനകൾ സമരം ശക്തമാക്കുന്നതിനിടെ, കർഷക സംഘടനാ നേതാവിന് എൻഐഎ നോട്ടീസയച്ചു. ലോക് ഭലാരി ഇൻസാഫ് വെൽഫയർ സൊസൈറ്റി (എൽബിഐഡബ്ല്യുഎസ്) പ്രസിഡന്റ് ബൽദേവ് സിംഗ് സിർസയ്ക്കാണ് നോട്ടീസ്. നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റീസിന്റെ ഫണ്ട് ശേഖരണവുമായി ബന്ധമുണ്ടെന്നാണ് ആരോപണം.
ഇതുമായി ബന്ധപ്പെട്ട് ഇന്ന് ചോദ്യംചെയ്യലിനായി ഹാജരാകണമെന്നാണ് എൻഐഎയുടെ നിർദേശം. ഖലിസ്ഥാൻ വാദികളുമായി ബന്ധമുണ്ടെന്നു പറയുന്ന സിക്ക് ഫോർ ജസ്റ്റീസിന്റെ നേതാക്കളിൽ ഒരാൾക്കെതിരേ തീവ്രവാദത്തിനു ഫണ്ട് നൽകിയെന്നാരോപിച്ച് എൻഐഎ നേരത്തേ കേസെടുത്തിരുന്നു. ഈ കേസിൽ സാക്ഷിയായാണ് ബൽദേവിനെ ചോദ്യംചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്.
കർഷകസംഘടനകളും സർക്കാരുമായി നടത്തുന്ന ചർച്ചകളിൽ പങ്കെടുക്കുന്ന ഒരു പ്രതിനിധിയാണ് എൽബിഐഡബ്ല്യുഎസ് നേതാവ് ബൽദേവ് സിംഗ് സിർസ. സിർസയെ കേസിൽ കുടുക്കി സമരം അട്ടിമറിക്കാനാണു സർക്കാരിന്റെ നീക്കമെന്നാരോപിച്ച് രംഗത്തെത്തിയ സംഘടനാ നേതാക്കൾ, എന്തൊക്കെ ഉണ്ടായാലും നിയമം പിൻവലിച്ചിട്ടേ സമരം അവസാനിപ്പിക്കൂയെന്നു വ്യക്തമാക്കി.
സമരത്തിനിടെ മരിച്ച കർഷകരുടെ കുടുംബത്തിനും കർഷക സംഘടനകൾക്കും ഫണ്ട് കൈമാറിയവർക്കാണ് എൻഐഎ നോട്ടീസ് അയച്ചിരിക്കുന്നതെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ് നേതാവ് അഭിമന്യു കോഹർ പറഞ്ഞു.