15 January, 2021 04:12:20 PM
ബജറ്റിൽ പ്രഖ്യാപിച്ച പലതും കേന്ദ്ര പദ്ധതികളുടെ പേര് മാറ്റിയത് - എം.ടി. രമേശ്

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് പ്രഖ്യാപനത്തിൽ നിയമസഭയെ സാക്ഷിയാക്കി കള്ളം പറയുകയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ച പല പദ്ധതികളും കേന്ദ്ര പദ്ധതികളുടെ പേര് മാറ്റിയതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി
കേന്ദ്ര ഫണ്ടുകളെ കുറിച്ച് ധനമന്ത്രി ബജറ്റിലെങ്ങും പരാമർശിക്കുന്നില്ല. തോമസ് ഐസക് ആത്മ പരിശോധന നടത്തണം. കഴിഞ്ഞ ബജറ്റിന്റെ പുനരാവിഷ്കരണമാണ്. തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്. ധനമന്ത്രി ജനങ്ങളെ വിഡ്ഡികളാക്കുകയാണ്. തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ട് നടത്തുന്ന കണ്ണിൽ പൊടിയിടൽ തന്ത്രം മാത്രമാണ് ഐസക്കിന്റേതെന്നും അദ്ദേഹം പറഞ്ഞു.
കടക്കെണി പരിധികൾ കടന്ന് മുന്നോട്ട് പോകുകയാണ്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള എന്താണ് ഇന്നത്തെ ബജറ്റിൽ ഉള്ളതെന്ന് മന്ത്രിയും, സർക്കാരും വ്യക്തമാക്കണം. ഇന്ന് നടത്തിയ പ്രഖ്യാപനങ്ങൾ തോമസ് ഐസക് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രഖ്യാപനങ്ങളുടെ ആവർത്തനമാണ് ഇന്ന് നടത്തിയത്. ഇത് പരിഹാസ്യമാണെന്നും എം.ടി. രമേശ് കുറ്റപ്പെടുത്തി.