15 January, 2021 03:27:20 PM
എല്ലാ വീട്ടിലും ഒരു ലാപ്ടോപ്; ലൈഫ് മിഷനിൽ ഒന്നര ലക്ഷം വീടുകൾ കൂടി
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ ലൈഫ് മിഷനിൽ അടുത്ത സാന്പത്തിക വർഷം ഒന്നര ലക്ഷം വീടുകൾ കൂടി നിർമിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതിനായി 1000 കോടി രൂപ നീക്കിവച്ചതായി ബജറ്റ് പ്രസംഗത്തിൽ തോമസ് ഐസക് പറഞ്ഞു.
സംസ്ഥാനത്തെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ ഉച്ചയ്ക്കു ശേഷവും ഒപി സംവിധാനം നടപ്പാക്കും, റോഡപകടങ്ങളിൽ ആദ്യ 48 മണിക്കൂറിൽ സൗജന്യ ചികിത്സ ലഭ്യമാക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.
സംസ്ഥാനത്തെ നീല, വെള്ള റേഷൻ കാർഡ് ഉടമകൾക്ക് അധിക അരി നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. കിലോയ്ക്ക് 15 രൂപ നിരക്കിൽ 10 കിലോ അരി വീതമാകും പ്രതിമാസം നൽകുക. ഇതിന് പുറമേ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം തുടരുമെന്നും മന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു.
എല്ലാ വീട്ടിലും ഒരു ലാപ്ടോപ് എങ്കിലും എന്നതാണ് സർക്കാർ നയമെന്ന് ധമന്ത്രി തോമസ് ഐസക് ബജറ്റിൽ പ്രഖ്യാപിച്ചു. ദുർബല വിഭാഗങ്ങൾക്ക് പകുതി വിലയ്ക്കും ബിപിഎൽ കുടുംബങ്ങൾക്ക് 25 ശതമാനം സബ്സിഡി നൽകിയും ലാപ്ടോപുകൾ നൽകും.
എല്ലാ വീട്ടിലും ഇന്റർനെറ്റ് എത്തിക്കുന്ന കെ.ഫോണ് പദ്ധതി ജൂലൈയിൽ പൂർത്തികരിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. ഇതിന്റെ ആദ്യഘട്ടം ഫെബ്രുവരിയിൽ തുടങ്ങും.
കേരളത്തിൽ ഇന്റർനെറ്റ് ഹൈവേ ഒരു കമ്പനിയുടെയും കുത്തകയാവില്ലെന്നും കെ ഫോണിന്റെ ഓഹരി മൂലധനത്തിലേക്ക് 166 കോടി രൂപ സർക്കാർ നൽകുമെന്നും മന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു.