13 January, 2021 02:07:15 AM
സുപ്രീം കോടതി സമിതിയിലെ നാല് അംഗങ്ങളും വിവാദ കാർഷിക നിയമങ്ങളെ അനുകൂലിച്ചവർ
ദില്ലി: കർഷക സമരം തീർപ്പാക്കാൻ സുപ്രീം കോടതി നിയോഗിച്ച സമിതിയിലെ നാല് അംഗങ്ങളും മുൻകാലങ്ങളിൽ വിവാദ കാർഷിക നിയമങ്ങളെ അനുകൂലിച്ചിരുന്നവർ. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അഗ്രിക്കൾച്ചറൽ ഇക്കോണമിസ്റ്റും കമ്മീഷൻ ഫോർ അഗ്രിക്കൾച്ചർ കോസ്റ്റ്സ് ആൻഡ് പ്രൈസസ് മുൻ ചെയർമാനുമായ അശോക് ഗുലാട്ടി, ഭാരതീയ കിസാൻ യൂണിയന്റെയും ഓൾ ഇന്ത്യ കിസാൻ കോഓർഡിനേഷൻ കമ്മിറ്റിയുടെയും പ്രസിഡന്റ് ഭൂപീന്ദർ സിംഗ് മൻ, സൗത്ത് ഏഷ്യ ഇന്റർനാഷണൽ ഫുഡ് പോളിസി ഡയറക്ടർ പ്രമോദ് കുമാർ ജോഷി, ശേത്കരി സംഘതൻ പ്രസിഡന്റ് അനിൽ ഘൻവത് എന്നിവരാണ് സമിതി അംഗങ്ങൾ. ഇവർ നാലു പേരും മുൻപ് വിവാദ കാർഷിക നിയമത്തെ അനുകൂലിച്ച് നിലപാട് വ്യക്തമാക്കിയവരാണ്.
1999 മുതൽ 2001 വരെ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗമായിരുന്ന അശോക് ഗുലാട്ടി ദേശീയ ദിനപത്രങ്ങളിൽ വിവാദ കാർഷിക നിയമങ്ങളെ അനുകൂലിച്ച് എഴുതുകയും മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഡിസംബറിൽ ടൈംസ് ഓഫ് ഇന്ത്യയിൽ മൂന്ന് കാർഷിക നിയമങ്ങളും കർഷകർക്ക് ഗുണം ചെയ്യുമെന്ന പ്രസ്താവന അദ്ദേഹം നടത്തിയിരുന്നു. ഇൻഡ്യൻ എക്സ്പ്രസിൽ അദ്ദേഹം നിയമത്തെ അനുകൂലിച്ച് രണ്ട് ലേഖനങ്ങളും എഴുതി. ഒന്നിന്റെ തലക്കെട്ട്: കൃഷിക്കാർക്ക് അവരുടെ ഉൽപാദനം വിൽക്കാൻ കൂടുതൽ ഇടം നൽകുന്ന നിയമങ്ങൾ ആവശ്യമാണ്- എന്നതായിരുന്നു.
പുതിയ കാർഷിക നിയമങ്ങൾ വന്നപ്പോൾ ആഘോഷിച്ച സംഘമായ മഹാരാഷ്ട്രയിൽനിന്നുള്ള ശേത്കരി സംഘതന്റെ പ്രസിഡന്റ് ആണ് സമിതിയിലെ മറ്റൊരംഗം അനിൽ ഘൻവത്. സമിതിയിലെ കർഷക സംഘടന പ്രതിനിധിയായ ഭാരതീയ കിസാൻ യൂണിയന്റെയും ഓൾ ഇന്ത്യ കിസാൻ കോഓർഡിനേഷൻ കമ്മിറ്റിയു ടെയും പ്രസിഡന്റ് ഭൂപീന്ദർ സിംഗ് മന്നും കാർഷിക നിയമത്തെ അനുകൂലിക്കുന്നയാളാണ്. പുതിയ നിയമങ്ങൾക്ക് പിന്തുണ അറിയിക്കുന്നതിനായി ഡിസംബറിൽ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറിനെ സന്ദർശിച്ച കർഷക സംഘത്തിന്റെ ഭാഗമായിരുന്നു ഇദ്ദേഹം.
നാലാമത്തെ അംഗമായ പ്രമോദ് കുമാർ ജോഷി പുതിയ കാർഷിക നിയമങ്ങളെ പിന്തുണച്ച് മുമ്പ് ഒന്നിലധികം തവണ മാധ്യമങ്ങളിൽ എഴുതിയിട്ടുണ്ട്. ഫിനാൻഷ്യൽ എക്സ്പ്രസിൽ അദ്ദേഹം എഴുതിയത്- കാർഷിക നിയമങ്ങളിൽ എന്തെങ്കിലും വെള്ളം ചേർക്കുന്നത് ഉയർന്നുവരുന്ന ആഗോള അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിൽ ഇന്ത്യൻ കാർഷിക മേഖലയെ തടസപ്പെടുത്തും എന്നായിരുന്നു. മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുന്നത് മുഴുവൻ കാർഷിക മേഖലയ്ക്കും വിനാശകരമായിരിക്കും, അതിലേറെ കർഷകർക്കും- ഫിനാൻഷ്യൽ എക്സ്പ്രസിൽ അദ്ദേഹം എഴുതി.