30 December, 2020 08:51:45 PM
നിയമങ്ങൾ പിൻവലിക്കില്ലെന്ന പിടിവാശിയിൽ കേന്ദ്രം; കർഷക ചർച്ച പരാജയം
ദില്ലി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന കർഷക സമരം ഒത്തു തീർപ്പാക്കാൻ കേന്ദ്ര സർക്കാർ വിളിച്ച ആറാം ഘട്ട ചർച്ചയും തീരുമാനം ആകാതെ പിരിഞ്ഞു. സർക്കാരും നാൽപത് കർഷക സംഘടന പ്രതിനിധികളുമായി ജനുവരി നാലിന് വീണ്ടും ചർച്ച നടക്കും.
കാർഷിക നിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് നിലപാടിൽ കർഷക സംഘടനകൾ ഉറച്ചു നിന്നു. അതേസമയം, നിയമം കൊണ്ടു വരാൻ നടത്തിയ ശ്രമങ്ങളേക്കാൾ കഠിനമാണ് പിൻവലിക്കാനുള്ള നടപടികൾ എന്നാണ് കേന്ദ്ര മന്ത്രിമാർ കർഷകരോടു വിശദീകരിച്ചത്.
കർഷകർ ഉന്നയിച്ച അൻപതു ശതമാനം പ്രശ്നങ്ങളിലും ഉറപ്പുകൾ നൽകിയിട്ടുണ്ടെന്നും മിനിമം താങ്ങുവിലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചർച്ചകൾ തുടരുമെന്നുമാണ് ചർച്ചയ്ക്ക് ശേഷം കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ പ്രതികരിച്ചത്. പുതുവർഷത്തിൽ കർഷക സമരം അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
ഡൽഹിയിലെ അതിശൈത്യം കണക്കിലെടുത്ത് സമരസ്ഥലത്ത് നിന്ന് മുതിർന്നവരെയും കുട്ടികളെയും വീടുകളിലേക്ക് മടക്കി അയക്കണമെന്നും മന്ത്രി കർഷകരോട് ആവശ്യപ്പെട്ടു. വൈദ്യുതി ഭേദഗതി ബില്ലില്ലും അന്തരീക്ഷ മലിനീകരണ നിയമത്തിലെ ശിക്ഷാ വ്യവസ്ഥകളിലും കർഷകർക്ക് ഇളവുകൾ നൽകാമെന്നും സർക്കാർ ഉറപ്പു നൽകി.
സുപ്രീംകോടതി നിർദേശിച്ചത് അനുസരിച്ച് കർഷക പ്രതിനിധികളെയും സർക്കാർ ശിപാർശ ചെയ്യുന്ന പ്രതിനിധികളെയും ഉൾപ്പെടുത്തി പ്രത്യേക സമിതി രൂപീകരിക്കാമെന്നും ഉറപ്പു നൽകി. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കപ്പെടുന്നത് വരെ ഡൽഹിയിൽ നിന്നു മടങ്ങില്ലെന്നും പുതുവർഷം കർഷക സമരവേദിയിൽ തന്നെ ആഘോഷിക്കുമെന്നുമാണ് ഭാരതീയ കിസാൻ യൂണിയൻ വക്താവ് രാകേഷ് ടികായത് പറഞ്ഞത്.
നിയമം പിൻവലിക്കില്ലെന്നും കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഒരു പ്രത്യേക സമിതി രൂപീകരിക്കാമെന്ന നിലപാടിൽ സർക്കാർ ഉറച്ചു നിന്നു. മിനിമം താങ്ങുവില ഉറപ്പാക്കാൻ ഒരു പുതിയ നിയമം തന്നെ കൊണ്ടു വരാനുള്ള സാധ്യകതകൾ ചർച്ച ചെയ്യാമെന്നും ചർച്ചയിൽ കേന്ദ്ര മന്ത്രിമാർ കർഷക പ്രതിനിധികളോട് പറഞ്ഞു.
ചർച്ചയുടെ തുടക്കത്തിൽ തന്നെ മൂന്നു കാർഷിക നിയമങ്ങളും പിൻവലിക്കണമെന്ന് തന്നെ കർഷകർ ആവശ്യപ്പെട്ടു. അതോടൊപ്പം മിനിമം താങ്ങുവില ഉറപ്പു വരുത്താൻ ഒരു നിയമം കൊണ്ടു വരണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, ഇതിനോട് നേരിട്ടു പ്രതികരിക്കാതെ ഇക്കാര്യം ചർച്ച ചെയ്യാമെന്നു മാത്രമാണ് മന്ത്രിമാർ പ്രതികരിച്ചതെന്ന് ഭാരതീയ കിസാൻ യൂണിയൻ ഉഗ്രഹൻ നേതാവ് ജോഗീന്ദർ സിംഗ് പറഞ്ഞു.