27 December, 2020 06:37:29 PM
റെയില്‍വേ ഓണ്‍ലൈന്‍ ടിക്കറ്റ് കരിഞ്ചന്തയില്‍; 11 സ്ഥാപനങ്ങളുടെ നടത്തിപ്പുകാര്‍ അറസ്റ്റില്‍
കോഴിക്കോട്: ജില്ലയില്‍ ഓണ്‍ലൈന്‍ റെയില്‍വേ ടിക്കറ്റിന്‍റെ കരിഞ്ചന്ത വില്‍പ്പന വ്യാപകം. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് വിവിധയിടങ്ങളില്‍ പരിശോധന തുടങ്ങി. ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ ലിമിറ്റഡി (ഐ.ആര്‍.സി.ടി.സി.) ന്‍റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ചില സ്ഥാപനങ്ങളാണ് ഇതിന് പിന്നില്‍. വിവിധയിടങ്ങളിലുള്ള 11 സ്ഥാപനങ്ങളുടെ നടത്തിപ്പുകാരെ കോഴിക്കോട് ആര്‍.പി.എഫ്. അറസ്റ്റ് ചെയ്തു.
കരിഞ്ചന്തയില്‍ വില്‍ക്കാനുള്ള 236 ടിക്കറ്റുകള്‍ കസ്റ്റഡിയിലെടുത്തു. മൊത്തം 2,93,439 രൂപയുടെ ടിക്കറ്റുകളാണ് കണ്ടെടുത്തത്. നവംബര്‍ മുതല്‍ ഈ സ്ഥാപനങ്ങള്‍ നിരീക്ഷണത്തിലായിരുന്നു. മറുനാടന്‍ തൊഴിലാളികളാണ് ഇത്തരത്തില്‍ ചൂഷണത്തിനിടയായവരില്‍ ഏറെയുമെന്ന് ആര്‍.പി.എഫ്. വ്യക്തമാക്കി. ഐ.ആര്‍.സി.ടി.സി.യുടെ അംഗീകൃത സ്ഥാപനങ്ങള്‍ ഒരു ടിക്കറ്റിന് 25 രൂപയില്‍ കൂടുതല്‍ വാങ്ങാന്‍ പാടില്ലെന്നാണ് ചട്ടം. ഇത് കൂടാതെ ടിക്കറ്റിന് രശീതിയും നല്‍കണം. ഇതൊന്നുമില്ലാതെയാണ് ടിക്കറ്റ് വില്‍പ്പന.
ഹ്രസ്വ-ദീര്‍ഘദൂര യാത്രകള്‍ക്ക് ടിക്കറ്റൊന്നിന് 100 രൂപ മുതല്‍ 500 രൂപവരെ അധികം ഈടാക്കിയിട്ടുണ്ട്. ഡല്‍ഹി, അസം തുടങ്ങിയ ദീര്‍ഘദൂര സംസ്ഥാനങ്ങളിലെ യാത്രക്കാരോടാണ് കൂടുതല്‍ പണം ഈടാക്കിയത്. ചികിത്സയ്ക്ക് പോകുന്ന റെയില്‍വേ യാത്രക്കാരോടും അധികത്തുക വാങ്ങി. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനയും അറസ്റ്റുമുണ്ടാകുമെന്ന് ആര്‍.പി.എഫ്. ഇന്‍സ്‌പെക്ടര്‍ കെ.സഞ്ജയ് പണിക്കര്‍ പറഞ്ഞു. മലാപ്പറമ്ബ്, കൊടുവള്ളി, ചുള്ളിക്കാപറമ്ബ്, വടകര,നല്ലളം, കുഞ്ഞിപ്പളി, ചോമ്ബാല, കണ്ണൂക്കര, കട്ടിപ്പാറ,പന്തീരാങ്കാവ്, മാനന്തവാടി എന്നിവിടങ്ങളിലുള്ള സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്.
റെയില്‍വേ ടിക്കറ്റ് വില്‍ക്കാന്‍ ഐ.ആര്‍.സി.ടി.സി. അംഗീകൃത സ്ഥാപനങ്ങള്‍ക്ക് പ്രത്യേക യൂസര്‍ ഐ.ഡി.യും പാസ്വേഡും നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതിന് പുറമെ മറ്റുള്ള സ്വകാര്യവ്യക്തികള്‍ മുഖേന വ്യക്തിഗത യൂസര്‍ ഐ.ഡിയും പാസ് വേഡും ഉപയോഗിച്ച് ബുക്ക് ചെയ്യുന്ന ടിക്കറ്റുകളും അംഗീകൃത ലൈസന്‍സ് ഉപയോഗിച്ചെടുക്കുന്ന ടിക്കറ്റുകളുമാണ് കരിഞ്ചന്തയില്‍ വില്‍പ്പന നടത്തുന്നത്.