27 December, 2020 02:23:16 PM
ക്രിസ്തുമസ് കച്ചവടം പൊടിപൊടിച്ചു; വിദേശമദ്യശാലകള്‍ കാലിയായി
കോട്ടയം: ക്രിസ്തുമസ് കച്ചവടം പൊടിപൊടിച്ചതോടെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വിദേശമദ്യശാലകള്‍ കാലിയായി. ജില്ലയില്‍ ഏറ്റവുമധികം കച്ചവടം നടന്ന ഏറ്റുമാനൂരിലെ വിദേശമദ്യഷാപ്പില്‍ ഇനി ബാക്കി ഏതാനും കുപ്പി ബിയറും വൈനും മാത്രം. മൂന്ന് ദിവസം ബാങ്ക് അവധിയായതും കൂടുതല്‍ മദ്യം വരാതായതും ഔട്ട്ലെറ്റുകള്‍ കാലിയാവാന്‍ മറ്റൊരു കാരണമായി.
ക്രിസ്തുമസ്, ന്യൂ ഇയര്‍ കച്ചവടത്തിനായുള്ള മദ്യം ഏറ്റുമാനൂരില്‍ സ്റ്റോക്ക് ചെയ്തിരുന്നതാണ്. പക്ഷെ അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെട്ടത്. ഇന്നലെ രാവിലെ തന്നെ മദ്യം പല ബ്രാന്‍ഡുകളും ലഭിക്കാതെ വന്നിരുന്നു. ഇന്ന് ഉച്ചയോടെ ബിയറും വൈനും ഒഴികെ പൂര്‍ണ്ണമായും കാലിയായി.
24നാണ് ഏറ്റുമാനൂരില്‍ അവസാനലോഡ് മദ്യം എത്തിയത്. പ്രീമിയം കൌണ്ടര്‍ ഉള്‍പ്പെടെ 3500ഓളം പേരാണ് ഒരു ദിവസം ഏറ്റുമാനൂരില്‍ പരമാവധി മദ്യം വാങ്ങാന്‍ ആപ്പിലൂടെ രജിസ്റ്റര്‍ ചെയ്യുക. ഇവരില്‍ 3000 പേര്‍ എത്തിയാല്‍ പോലും 9000 ലിറ്റര്‍ മദ്യമാണ് ഒരു ദിവസം വില്‍ക്കുക.
ബാങ്ക് അവധിയായതോടെ പണം അയയ്ക്കാന്‍ പറ്റാത്തതിനാല്‍ പിന്നീട് ഇതുവരെ ലോഡ് വന്നിട്ടില്ല. ഇനി നാളെ ലോഡ് ഇറക്കിയാലെ മദ്യവില്‍പ്പന നടക്കു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനമായതിനാല്‍ അടക്കാനും പറ്റില്ല. മദ്യം വാങ്ങാനെത്തി നിരാശരായി മടങ്ങുന്നവരുടെ എണ്ണവും ഇവിടെ ഏറുകയാണ്. കേരളത്തില്‍ പലയിടത്തും ഇതാണ് അവസ്ഥയെന്നാണ് അറിയുന്നത്.