24 December, 2020 05:57:27 PM
രാമക്ഷേത്ര നിര്‍മ്മാണം: മേല്‍നോട്ടത്തിനു രാജ്യത്തെ ഐഐടി വിദഗ്ധന്മാരുടെ പ്രത്യേക സംഘം
ലക്നൗ : അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം ജനുവരിയില്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട് . രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഐ.ഐ.ടി വിദഗ്ദ്ധരുടെ മേല്‍നോട്ടത്തിലാണ് നിര്‍മ്മാണം. രാജ്യത്തെ പതിനൊന്ന് കോടി കുടുംബങ്ങളില്‍ നിന്നുള്ള സംഭാവനയാണ് ശ്രീ രാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ലക്ഷ്യമിടുന്നത് . സരയൂ നദീ തീരത്തെ നിര്‍മ്മാണ ഭൂമിയില്‍ 100 അടി വരെ താഴെ ചരല്‍ മണ്ണാണ്.
പൈലിംഗ് ജോലികള്‍ തടസ്സപ്പെടാതിരിക്കാനും, ആയിരം വര്‍ഷത്തെ ഉറപ്പ് രാമക്ഷേത്രത്തിനു നല്‍കാനുമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഐഐടി വിദഗ്ധരുടെ പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നത്. ഐഐടി-മദ്രാസ്, ഐഐടി-മുംബൈ, ഐഐടി-കാണ്‍പൂര്‍, ഐഐടി-ഡല്‍ഹി, ഐഐടി-ഗുവാഹത്തി, സിബിആര്‍ഐ റൂര്‍ക്കി എന്നിവിടങ്ങളില്‍ നിലവിലുള്ളവരും, വിരമിച്ചതുമായ വിദഗ്ധര്‍ മേല്‍നോട്ടം വഹിക്കുന്നുണ്ട്. ക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപെട്ട് രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരെ അടുത്ത മാസം 14 ന് വിശ്വഹിന്ദുപരിഷത്ത് നേതാക്കള്‍ സന്ദര്‍ശിക്കും.