20 December, 2020 07:02:22 AM
എൻസിപിയും ജനപക്ഷവും ഒന്നിക്കുന്നു? ഷോണ്‍ കാപ്പനെ സന്ദർശിച്ചു
കോട്ടയം: മാണി സി. കാപ്പൻ എംഎൽഎയെ ജില്ലാ പഞ്ചായത്ത് പൂഞ്ഞാർ ഡിവിഷനിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട ഷോണ്‍ ജോർജ് വസതിയിലെത്തി സന്ദർശിച്ചു. പാലാ നിയോജക മണ്ഡലം സീറ്റു സംബന്ധച്ച് എൻസിപിയും കേരള കോണ്‍ഗ്രസും അവകാശവാദം ഉന്നയിച്ചതോടെ കൂടിക്കാഴ്ച ഗൗരവത്തോടെ രാഷ്ട്രീയ കേരളം നോക്കിക്കാണുന്നത്.
എൽഡിഎഫിനു തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയവിജയം നേടാനായതിനു പിന്നാലെയാണ് ഇടതു -വലതു ബിജെപി മുന്നണികളെ പരാജയപ്പെടുത്തി പൂഞ്ഞാറിൽ വിജയം നേടിയ ഷോണ്‍ ജോർജ് മാണി സി. കാപ്പനെ സന്ദർശിച്ചത്.
പാലാ നിയോജക മണ്ഡലത്തിലെ തലപ്പലം, മേലുകാവ്, മൂന്നിലവ്, തലനാട് പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് ജില്ലാ പഞ്ചായത്ത് പൂഞ്ഞാർ ഡിവിഷൻ. ഉപതെരഞ്ഞെടുപ്പിൽ പഴയ പൂഞ്ഞാർ മണ്ഡലത്തിന്റെ ഭാഗമായ ഈ പഞ്ചായത്തുകളിൽ മാണി സി. കാപ്പനു പി.സി. ജോർജിന്റെയും ജനപക്ഷത്തിന്റെയും പിന്തുണ കിട്ടിയിരുന്നു.
ജനപക്ഷം അടുത്ത തെരഞ്ഞെടുപ്പിൽ പൂഞ്ഞാറിനൊപ്പം പാലായിലും മത്സരിക്കാൻ തയാറെടുക്കുകയാണ്. ഈ സാഹചര്യത്തിൽ നേതാക്കളുടെ കൂടിക്കാഴ്ചയ്ക്ക് വലിയ പ്രാധാന്യമാണ് രാഷ്ട്രീയ നേതൃത്വങ്ങൾ കാണുന്നത്. എൻസിപിയും മാണി സി. കാപ്പനും പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന പലതവണ ആവർത്തിച്ചു കഴിഞ്ഞു.
പാലാ നിയോജക മണ്ഡലത്തിലെ നാല് പഞ്ചായത്തുകൾ ഉൾപ്പെടുന്ന ജില്ലാ പഞ്ചായത്ത് ഡിവിഷൻ ആയതിനാൽ അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങാനും വികസന കാര്യങ്ങളിൽ എല്ലാ പിന്തുണയും അറിയുക്കുവാനുമാണു മാണി സി. കാപ്പനെ സന്ദർശിച്ചതെന്നു ഷോണ്‍ ജോർജ് പറഞ്ഞു.