20 December, 2020 06:56:19 AM
കർഷക പ്രക്ഷോഭത്തിന് പിന്തുണ; എൻഡിഎ ഘടകകക്ഷി നേതാവ് പാർലമെന്റ് കമ്മിറ്റികളിൽ നിന്ന് രാജിവച്ചു
ജയ്പുർ: കർഷക പ്രക്ഷോഭത്തിന് എൻഡിഎ ഘടകകക്ഷികൾക്കുള്ളിൽനിന്നും പിന്തുണ. രാജസ്ഥാൻ ലോക്താന്ത്രിക് (ആർഎൽപി) പാർട്ടി നേതാവും എംപിയുമായ ഹനുമാൻ ബേനിവാൾ മൂന്ന് പാർലമെന്റ് കമ്മിറ്റികളിൽ നിന്ന് രാജിവച്ചു. കേന്ദ്രത്തിൽ എൻഡിഎ ഘടകകക്ഷിയാണ് ആർഎൽപി. വ്യവസായം, പെട്രോളിയം, പരാതികൾ എന്നിവ സംബന്ധിച്ച പാർലമെന്ററി കമ്മിറ്റികളിൽ അംഗമായിരുന്നു ആർഎൽപി കൺവീനറായ ബെനിവാൾ. ലോക്സഭാ സ്പീക്കർ ഒം ബിർളയ്ക്ക് രാജിക്കത്ത് അദ്ദേഹം കൈമാറി.
താൻ കൂടി അംഗമായ പാർലമെന്ററി കമ്മിറ്റികളിൽ ജനങ്ങളെ ബാധിക്കുന്ന വിവിധ വിഷയങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ ഇതിലൊന്നും നടപടി ഉണ്ടാവാത്തതിൽ ദുഖമുണ്ടെന്ന് ബേനിവാൾ പറഞ്ഞു. നടപടി ഉണ്ടാകുന്നില്ലെങ്കിൽ പാർലമെന്ററി കമ്മിറ്റികളെ ന്യായീകരിക്കാൻ കഴിയില്ല. ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാൻ താൽപര്യമില്ലാത്തതിനാലും കർഷക പ്രക്ഷോഭത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചും പാർലമെന്ററി കമ്മിറ്റികളിൽ നിന്ന് രാജിവയ്ക്കുകയാണെന്ന് ബേനിവാൾ പ്രസ്താവനയിൽ അറിയിച്ചു.