15 December, 2020 10:59:56 PM
എയിംസ് നഴ്സുമാരുടെ സമരത്തിനു ഡൽഹി ഹൈക്കോടതിയുടെ വിലക്ക്
ന്യൂഡൽഹി: എയിംസിലെ നഴ്സുമാർ ആരംഭിച്ച അനിശ്ചിതകാല സമരത്തിനു ഡൽഹി ഹൈക്കോടതിയുടെ വിലക്ക്. സമരത്തിനെതിരേ എയിംസ് അധികൃതർ നൽകിയ ഹർജിയിൽ നോട്ടീസയച്ച കോടതി, വിഷയത്തിൽ തുടർവാദം കേൾക്കുന്ന ജനുവരി 18 വരെ സമരം പാടില്ലെന്നും നിർദേശിച്ചു.
അതേസമയം, സമരം നടത്തിയ തങ്ങൾക്കെതിരേ പോലീസ് ബലപ്രയോഗം നടത്തിയതായും മലയാളികൾ അടക്കമുള്ള പലർക്കും പരിക്കേറ്റതായും നഴ്സുമാരുടെ സംഘടനകൾ അറിയിച്ചു. ശന്പള വർധനവ് അടക്കം 23ഓളം ആവശ്യങ്ങൾ ഉന്നയിച്ചാണ് ഡൽഹി എയിംസിലെ നഴ്സുമാർ ശനിയാഴ്ച മുതൽ അനിശ്ചിതകാലത്തേക്ക് സമരം തുടങ്ങിയത്.
ഇതിനു പിന്നാലെ കോവിഡ് വ്യാപനം തുടരുന്നതിനിടെ നഴ്സുമാർ സമരം നടത്തുന്നത് നിയമവിരുദ്ധമായാണെന്നും ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്സ് നിയമത്തിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി എയിംസ് അധികൃതർ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. എയിംസ് ജീവനക്കാർ സമരം നടത്തരുതെന്ന ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണിതെന്നും എയിംസ് അധികൃതർ വാദിച്ചു. ഇതോടെ, വിഷയത്തിൽ നോട്ടീസയച്ച കോടതി, കേസ് ജനുവരി 18നു പരിഗണിക്കാനായി മാറ്റി.