14 December, 2020 08:38:13 PM
സൗജന്യവാക്സിൻ: മുഖ്യമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ
തിരുവനന്തപുരം: കോവിഡ് വാക്സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ. മുഖ്യമന്ത്രി പിണറായി വിജയനോടാണ് കമ്മീഷൻ വിശദീകരണം തേടിയത്. മുഖ്യമന്ത്രിയുടെ മറുപടിക്കുശേഷം തുടർ നടപടി സ്വീകരിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി.
ചട്ടലംഘനം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കെതിരെ പരാതി കിട്ടിയെന്നും കമ്മീഷൻ അറിയിച്ചു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നു ആരോപിച്ച് പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്കിയിരുന്നു.
പെരുമാറ്റച്ചട്ടം വന്ന ശേഷം സർക്കാർതലത്തിൽ സൗജന്യങ്ങളും ആനുകൂല്യങ്ങളും പ്രഖ്യാപിക്കരുതെന്ന നിർദേശം മറികടന്നാണു മുഖ്യമന്ത്രിയുടെ നടപടിയെന്നു പ്രതിപക്ഷം ആരോപിച്ചു.
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള മൂന്നാംഘട്ട തെരഞ്ഞെടുപ്പിനു മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പത്രസമ്മേളനത്തിലാണ് കോവിഡ് വാക്സിൻ സൗജന്യമായി നല്കുമെന്ന പ്രഖ്യാപനമുണ്ടായത്. ഇതിനെതിരേയാണ് യുഡിഎഫ് കണ്വീനർ എം.എം. ഹസനും കെ.സി. ജോസഫ് എംഎൽഎയും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കിയത്.
വാക്സിൻ വിതരണം സംബന്ധിച്ച് വ്യക്തമായ തീരുമാനങ്ങൾ ഒന്നും കേന്ദ്രസർക്കാർ ഇതുവരെ കൈക്കൊണ്ടിട്ടില്ലെന്നും ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി മുൻകൂട്ടി പ്രഖ്യാപനം നടത്തിയതു വോട്ടർമാരെ സ്വാധീനിക്കാനാണെന്നും യുഡിഎഫ് കൺവീനർ എം.എം. ഹസൻ ആരോപിച്ചു. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രിക്കെതിരേ നടപടി സ്വീകരിക്കണമെന്നു പരാതിയിൽ യുഡിഎഫ് കൺവീനർ ആവശ്യപ്പെട്ടു.
നാലു വടക്കൻ ജില്ലകളിലെ തെരഞ്ഞെടുപ്പു പ്രചാരണം സമാപിക്കുന്നതിന് തൊട്ടുമുന്പ് തെരഞ്ഞെടുപ്പു ചട്ടങ്ങൾ ലംഘിച്ചു നടത്തിയ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് കെ. സി. ജോസഫ് എംഎൽഎ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കിയത്.
മുഖ്യമന്ത്രി നടത്തിയ ചട്ടലംഘനത്തിനെതിരേ നടപടി സ്വീകരിക്കണമെന്നു കമ്മീഷനു നല്കിയ പരാതിയിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി വി.മുരളീധരനും മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരേ രംഗത്തുവന്നിരുന്നു.