13 December, 2020 05:48:04 AM
ലഹരി മാഫിയ: അന്വേഷണം കേരളത്തിലേക്കും
കോയമ്പത്തൂർ: ഷാർജയിലേക്കു മയക്കുമരുന്ന് കടത്താൻ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ചു. ഡിസംബർ അഞ്ചിനു കോയന്പത്തൂർ എയർപോർട്ടിൽനിന്നും ഏഴുകോടി രൂപ വില മതിക്കുന്ന 1.2 കിലോ മയക്കുമരുന്ന് പിടികൂടിയിരുന്നു.
കോയന്പത്തൂരിൽനിന്നും ഷാർജയിലേക്കു പോകാനായി എയർപോർട്ടിലെത്തിയ ട്രിച്ചി തുവക്കുടി സ്വദേശി നാഗരത്നത്തിനു സുഹൃത്തുക്കളായ അരുൾ, അലിഭായ് എന്നിവർ കാലിയായ സ്യൂട്ട്കെയ്സ് നൽകിയിരുന്നു. ഇവരുടെ പ്രവൃത്തിയിൽ സംശയം തോന്നിയ നാഗരത്നം എയർപോർട്ട് അധികൃതരെ വിവരമറിയിച്ചു. അധികൃതർ ബാഗ് പരിശോധിച്ചപ്പോഴാണ് വൻ മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്.
തുടർന്ന് ഡിഎസ്പി മനോഹരന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ അരുളിനെയും അലിഭായിയെയും അറസ്റ്റു ചെയ്തു. ഇവർ ഏജന്റുമാരാണെന്നും കേരളത്തിൽനിന്നുള്ള മാഫിയയാണ് ഇവർക്കു ലഹരിമരുന്ന് നൽകിയതെന്നും കണ്ടെത്തിയതിനെതുടർന്നാണ് അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ചത്.