05 December, 2020 07:24:14 AM


പ്രക്ഷോഭം പത്താം ദിവസം: കര്‍ഷസമരം ഒത്തുതീര്‍ക്കാനുള്ള മൂന്നാംഘട്ട ചര്‍ച്ച ഇന്ന്



ദില്ലി: കാർഷിക പരിഷ്കരണ നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് സമരം തുടരുന്ന കർഷകരുമായി കേന്ദ്രസർക്കാരിന്‍റെ ചർച്ച ഇന്ന്. സമരം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി കർഷക സംഘടനകൾ രാജ്യവ്യാപകമായി പ്രധാനമന്ത്രിയുടെ കോലം കത്തിക്കും. ചൊവ്വാഴ്‍ച ഭാരത് ബന്ദിനും കർഷകർ ആഹ്വാനം ചെയ്തിട്ടുണ്ട്.


കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ തുടങ്ങിയ ദില്ലി ചലോ മാർച്ച് പത്താംദിവസത്തിലേക്ക് കടക്കുകയാണ്. ഇതിനിടയിലാണ് കേന്ദ്രസർക്കാർ കർഷക സംഘടന പ്രതിനിധികളുമായി ഇന്ന് മൂന്നാംഘട്ട ചർച്ച നടത്തുന്നത്. പ്രാദേശിക നിയന്ത്രണത്തിലുള്ള മാർക്കറ്റുകൾ, താങ്ങുവില എന്നിവ നിലനിർത്തുമെന്ന ഉറപ്പ് നൽകി സമവായത്തിൽ എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. എന്നാൽ മൂന്ന് നിയമങ്ങളും പൂർണമായി പിൻവലിക്കണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കർഷകർ. ചർച്ച നടക്കുന്ന ദിവസം തന്നെ കർഷക സംഘടനകൾ ഇന്ന് രാജ്യവ്യാപകമായി പ്രധാനമന്ത്രിയുടെ കോലം കത്തിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.


രാജ്യത്തെ എല്ലാ ടോൾ ഗേറ്റുകളും ഉപരോധിക്കുമെന്നും ടോൾ പിരിവ് അനുവദിക്കില്ലെന്നും കർഷക സംഘടനകൾ മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച ഭാരത് ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്. സമരം കൂടുതൽ ശക്തമാക്കാൻ വിവിധ സംസ്ഥാനങ്ങളിൽനിന്ന് കൂടുതൽ കർഷകർ ഡൽഹി അതിർത്തിയിലെത്തിയിട്ടുണ്ട്. ചർച്ച പരാജയപെട്ടാൽ ജയ്‌പൂർ, ആഗ്ര ദേശീയ പാതകൾ കൂടി ഉപരോധിക്കാൻ കർഷകർ തീരുമാനിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K