04 December, 2020 12:25:17 PM
ട്രഷറിയില്‍ പിഴവുകള്‍ തുടരുന്നു: അക്കൌണ്ടില്‍ ഇല്ലാത്ത പണം വീണ്ടും പിന്‍വലിച്ചു
തിരുവനന്തപുരം: ട്രഷറി തട്ടിപ്പിനിടയാക്കിയ ഗുരുതര പിഴവുകള്‍ ട്രഷറി സോഫ്റ്റ് വെയറില്‍ തുടരുന്നു. തിരുവനന്തപുരം ജില്ലാ ട്രഷറിയിലെ സേവിംങ്സ് അക്കൌണ്ടില്‍ നിന്ന് പണമില്ലാതിരുന്നിട്ടും അക്കൌണ്ട് ഉടമ പണം പിന്‍വലിച്ചതിന്‍റെ തെളിവുകള്‍ പുറത്തുവന്നു. നവംബര്‍ 5ന് 594,846 രൂപയുണ്ടായിരുന്ന അക്കൌണ്ടില്‍ നിന്ന് പിന്‍വലിച്ചത് 5,99000 രൂപ. ട്രഷറിയിലെ ഇതേ വീഴ്ച മറയാക്കിയായിരുന്നു ബിജു ലാല്‍ വന്‍ തട്ടിപ്പ് നടത്തിയത്.
ട്രഷറി തട്ടിപ്പിന് പിന്നില്‍ വന്‍ ഗൂഢാലോചനയെന്ന സംശയം ബലപ്പെട്ടിട്ടും ട്രഷറിയില്‍ പ്രശ്നങ്ങള്‍ ഇല്ലെന്നായിരുന്നു ധനമന്ത്രിയുടെ വാദം. സോഫ്‍റ്റുവെയറിലെ തകരാറുകള്‍ ഉടന്‍ പരിഹരിക്കുമെന്നും ഉറപ്പുണ്ടായിരുന്നു. എന്നാല്‍ തകരാറുകള്‍ അതേപടി തുടരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് തെളിവുകളാണ് വിവിധ മാധ്യമങ്ങള്‍ക്ക് ലഭിച്ചത്. ഇതുവരെ ഓണ്‍ലൈനായാണ് പണം അനധികൃതമായി ഇങ്ങനെ പിന്‍വലിക്കാന്‍ സാധിച്ചിരുന്നത്. ഇത്തവണ ചെക്ക് മുഖേനയാണ് അക്കൌണ്ടില്‍ ഇല്ലാത്ത പണം പിന്‍വലിച്ചിരിക്കുന്നത്.
ട്രഷറിയിലെ വീഴ്ചകള്‍ കൂടുതല്‍ ഗൌരവകരമാണെന്ന് ഇത് വ്യക്തമാക്കുന്നു. വഞ്ചിയൂര്‍ സബ് ട്രഷറി ജീവനക്കാരനായിരുന്ന ബിജു 74 ലക്ഷം രൂപയാണ് ഇതേ സോഫ്റ്റുവെയര്‍ തകരാര്‍ മറയാക്കി തട്ടിയത്. പ്രശ്നം പരിഹരിക്കുന്നതില്‍ ട്രഷറി ഡയറക്ടറുടെയും, ഓണ്‍ലൈന്‍ ചീഫ് കോര്‍ഡിനേറ്ററുടെയും ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നെങ്കിലും ധനവകുപ്പ് ഇതുവരെ നടപടിയെടുക്കാത്തതും സംശയകരമാണ്.