02 December, 2020 07:47:18 PM
മുസ്ലിം പള്ളികളിൽ ലൗഡ് സ്പീക്കറിലൂടെ ബാങ്കുവിളി നിരോധിക്കണം - ശിവസേന

മുംബൈ: മുസ്ലിം പള്ളികളിൽ ലൗഡ് സ്പീക്കറിൽ ബാങ്ക് കൊടുക്കുന്നത് നിരോധിക്കണമെന്ന് കേന്ദ്ര സർക്കാറിനോട് ശിവസേന. പാർട്ടി മുഖപത്രം 'സാമ്‌ന'യിലെ എഡിറ്റോറിയലിലാണ് ആവശ്യം. പള്ളികളിലെ ലൗഡ് സ്പീക്കറുകൾ ശബ്ദമലിനീകരണമുണ്ടാക്കുന്നുവെന്നും പരിസ്ഥിതിക്ക് ഹാനികരമാണെന്നും സാമ്‌ന എഡിറ്റോറിയൽ പറയുന്നു. ശിവസേന ഹിന്ദുത്വം കൈവിട്ടെന്ന ബി.ജെ.പിയുടെ ആരോപണത്തെയും പത്രം വിമർശിക്കുന്നുണ്ട്.
മുസ്ലിം കുട്ടികൾക്ക് ബാങ്ക് മത്സരം സംഘടിപ്പിക്കണമെന്നാവശ്യപ്പെട്ട ശിവസേന നേതാവ് പാണ്ഡുരംഗ് സക്പാലിനെതിരെ ബി.ജെ.പി രംഗത്തുവന്നതിനു പിന്നാലെയാണ്, പള്ളികളിൽ ലൗഡ് സ്പീക്കർ നിരോധിക്കണമെന്ന ആവശ്യം സാമ്‌ന ഉയർത്തുന്നത്. ഒരു ഉർദു പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ബാങ്ക് മത്സരം സംഘടിപ്പിക്കണമെന്ന നിർദേശം മുംബൈ സൗത്ത് വിഭാഗ് പ്രമുഖ് ആയ സക്പാൽ മുന്നോട്ടുവെച്ചത്. ഹിന്ദുമതസ്ഥർക്ക് ആരതി എന്നതു പോലെയാണ് മുസ്ലിംകൾക്ക് ബാങ്കെന്നും മുസ്ലിം പള്ളിക്കു സമീപം താമസിക്കുന്ന താൻ സ്ഥിരമായി ബാങ്ക് കേൾക്കാറുണ്ടെന്നും സക്പാൽ പറഞ്ഞിരുന്നു.
പാണ്ഡുരംഗ് സക്പാലിന്റെ വാക്കുകളോട് രൂക്ഷമായ ഭാഷയിലാണ് ബി.ജെ.പി പ്രതികരിച്ചത്. സക്പാലിന്‍റെ അഭിമുഖ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ബി.ജെ.പി എം.എൽ.എ അതുൽ ഭട്കൽകർ ശിവസേന ഹിന്ദുത്വം കൈവിടുകയാണെന്ന് ആരോപിച്ചു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി പത്രാധിപയും മുതിർന്ന ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് എക്‌സിക്യൂട്ടീവ് എഡിറ്ററുമായ സാമ്‌ന പള്ളികളിലെ ലൗഡ് സ്പീക്കറുകൾക്കെതിരെ രംഗത്തു വന്നിരിക്കുന്നത്. 'ശബ്ദ മലിനീകരണം ഇല്ലാതാക്കുന്നതിനായി പള്ളികൡലെ ലൗഡ്‌സ്പീക്കർ നിരോധിക്കുന്ന ഓർഡിനൻസ് കൊണ്ടുവരാൻ കേന്ദ്രസർക്കാർ തയ്യാറാവണം' - എഡിറ്റോറിയൽ പറയുന്നു.
ബാങ്ക് മത്സര പരാമർശത്തിന്‍റെ പേരിൽ ശിവസേന നേതാവിനെ വിമർശിക്കുന്ന ബി.ജെ.പി നടപടിയെ പത്രം ചോദ്യം ചെയ്യുന്നു. 'ബാങ്കിനെ പ്രശംസിച്ച ശിവസേന നേതാവിനെ വിമർശിക്കുന്നത് ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകരെ പാകിസ്താനി ഭീകരർ എന്നു വിളിക്കുന്നതു പോലെയാണ്. കർഷകരെ ഭീകരരെന്നു വിളിക്കുന്നവരിൽ നിന്ന് മറ്റെന്താണ് നമ്മൾ പ്രതീക്ഷിക്കേണ്ടത്? ശിവസേന ഹിന്ദുത്വം കൈവിട്ടുവെന്നാണ് ട്രോളുകൾ പറയുന്നത്. പക്ഷേ, ബി.ജെ.പി നേതാക്കൾ ഈദ് വിഭവങ്ങൾ കഴിക്കുന്ന ചിത്രങ്ങൾ ധാരാളമുണ്ട് താനും...' സാമ്‌ന പറയുന്നു.






