02 December, 2020 05:57:56 PM
ജഡ്ജിമാര്‍ക്കെതിരെ ലൈംഗികാരോപണം: മുന്‍ ജഡ്ജി സി.എസ്. കര്‍ണന്‍ അറസ്റ്റില്‍
ചെന്നൈ: സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാര്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി സി.എസ്. കര്‍ണന്‍ അറസ്റ്റില്‍. വനിതാ ജഡ്ജിമാര്‍ക്കും ജഡ്ജിമാരുടെ ഭാര്യമാര്‍ക്കും എതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയ സംഭവത്തിലാണ് മുന്‍ ജഡ്ജി സി.എസ്. കര്‍ണനെ ബുധനാഴ്ച ചെന്നൈയില്‍ വച്ച് അറസ്റ്റു ചെയ്തത്. ചെന്നൈ ആവടിയിലുള്ള കര്‍ണന്‍റെ വസതിയിലെത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഒക്ടോബര്‍ 27-ന് മദ്രാസ് ഹൈക്കോടതിയിലെ ഒരു അഭിഭാഷകന്‍ നല്‍കിയ പരാതിയില്‍ കര്‍ണനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. മദ്രാസ് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരെല്ലാം ചേര്‍ന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയ്ക്ക് ജസ്റ്റിസ് കര്‍ണനെതിരെ വിശദമായ പരാതി നല്‍കുകയും ചെയ്തു.വിവാദ പരാമര്‍ശങ്ങള്‍ നിറഞ്ഞ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഈ വീഡിയോകള്‍ നീക്കം ചെയ്യാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ജഡ്ജിമാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമെതിരേ അഴിമതി, ലൈംഗികാരോപണങ്ങള്‍ ഉന്നയിച്ച വീഡിയോകള്‍ പുറത്തു വന്നതിനെത്തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറില്‍ ചെന്നൈ സിറ്റി സൈബര്‍ പോലീസ് ജസ്റ്റിസ് കര്‍ണനെതിരേ കേസെടുക്കുകയും ചെയ്തു.സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ചില ജഡ്ജിമാര്‍ വനിത ജീവനക്കാരെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നുവെന്നായിരുന്നു കര്‍ണന്‍ വീഡിയോയില്‍ ആരോപിച്ചത്.
വനിതാ ജീവനക്കാരുടെ പേരുകളും വെളിപെടുത്തിയിരുന്നു.വിഡിയോ പുറത്തു വന്നതിനു പിന്നാലെ കര്‍ണനെതിരെ മദ്രാസ് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയ്ക്ക് പരാതി നല്‍കി. തമിഴ്നാട് ബാര്‍ കൗണ്‍സില്‍ വിഡിയോക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തു. ഹര്‍ജി പരിഗണിച്ച കോടതി ഈ വിഡിയോകള്‍ നീക്കം ചെയ്യാനും അപകീര്‍ത്തികരമായ വീഡിയോകള്‍ അപ്‌ലോഡ് ചെയ്യുന്നത് തടയാനും ഫെയ്സ്ബുക്ക്, യുട്യൂബ് അധികൃതരോട് നിര്‍ദേശിച്ചു.
കര്‍ണനെതിരേ നടപടിയെടുക്കാന്‍ പൊലീസിനും നിര്‍ദേശം നല്‍കുകയും ചെയ്തു.2017 ല്‍ ജുഡീഷ്യറിക്കെതിരെ അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പേരില്‍ ആറ് മാസത്തെ തടവുശിക്ഷ സുപ്രീംകോടതി ജസ്റ്റിസ് കര്‍ണന് വിധിച്ചിരുന്നു. രാജ്യത്ത് തന്നെ ഇത്തരത്തില്‍ ശിക്ഷയ്ക്ക് വിധേയനാകുന്ന ആദ്യത്തെ ന്യായാധിപനായിരുന്നു ജസ്റ്റിസ് കര്‍ണന്‍.