28 November, 2020 01:36:43 PM
കളിപ്പാട്ടമെന്ന വ്യാജേന തോക്ക് കടത്ത്; ആറ് കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ സിബിഐ കേസ്
മുംബൈ: കളിപ്പാട്ടമെന്ന വ്യാജേന യഥാര്‍ഥ തോക്ക് കടത്താന്‍ സഹായിച്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്. ആറ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ ആണ് കേസെടുത്തത്. മുംബൈ എയര്‍കാര്‍ഗോ കോംപ്ലക്സിലെ മുന്‍ കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി.എസ്. പവന് ഉള്‍പ്പടെ ആറ് പേര്‍ക്കെതിരെയാണ് കേസ്. 2016-2017 കാലയളവിലാണ് തോക്ക് കടത്തിയത്. രേഖകളില്‍ കള്ളത്തോക്കെന്ന് രേഖപ്പെടുത്തിയെന്നാണ് എഫ്ഐആറിൽ പറയുന്നത്.
ഉദ്യോഗസ്ഥരെ കൂടാതെ തോക്കുകള്‍ ഇറക്കുമതി ചെയ്ത ബാലാജി ഓട്ടോമോട്ടീവ് സൊലൂഷനെതിരെയും കേസെടുത്തിട്ടുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ബാലാജി ഓട്ടോമോട്ടീവ് സൊലൂഷൻ 255 തോക്കുകൾ ഇറക്കുമതി ചെയ്തുവെന്നാണ് കണ്ടെത്തിയത്.
2017 മേയില്‍ സ്പെഷല്‍ ഇന്റലിജന്‍സാണ് തട്ടിപ്പ് കണ്ടെത്തിയത്. തുടര്‍ന്ന് കേസ് കേന്ദ്ര വിജിലന്‍സ് കമ്മീഷന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ കേസെടുത്തത്. പ്രതികളുടെ മുംബൈ, പൂനെ, ഡല്‍ഹി എന്നിവിടങ്ങളിലെ വീടുകളില്‍ നടത്തിയ പരിശോധനയില്‍ ഒന്‍പത് ലക്ഷം രൂപയും ചില രേഖകളും കണ്ടെത്തിയിരുന്നു.