25 November, 2020 07:29:08 PM


ഓർഡിനൻസിൽ ഗവര്‍ണര്‍ ഒപ്പിട്ടു; പൊലീസ് നിയമ ഭേദഗതി അസാധുവായി



തിരുവനന്തപുരം: പൊലീസ് നിയമ ഭേദഗതി പിൻവലിക്കാനുള്ള ഓർഡിനൻസിന് അംഗീകാരം. നിയമ ഭേദഗതി പിൻവലിക്കാനുള്ള ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു. ഇന്നലെയാണ് മന്ത്രിസഭ അടിയന്തര യോഗം ചേര്‍ന്ന് ഭേദഗതി പിന്‍വലിക്കാനുള്ള ഓർഡിനന്‍സ് ഗവർണർക്ക് അയച്ചത്.


പാര്‍ട്ടിയുടെയും മുന്നണിയുടെയും നയങ്ങളില്‍ നിന്ന് വ്യതിചലിച്ചെന്ന വിമര്‍ശനം ഒഴിവാക്കാന്‍ സര്‍ക്കാരിന് മുന്നില്‍ മറ്റ് വഴികള്‍ ഇല്ലാതായതോടെയാണ് സര്‍ക്കാര്‍ നിയമത്തില്‍ നിന്ന് പിന്നോട്ട് പോയത്. മൂന്നു വഴികളായിരുന്നു സര്‍ക്കാരിന് മുന്നിലുണ്ടായിരുന്നത്. ഭരണഘടനയുടെ അനുച്ഛേദം 213(2) പ്രകാരം നിയമസഭാ സമ്മേളനം തുടങ്ങുന്ന ദിവസം മുതല്‍ ആറാഴ്ച വരെ ഓര്‍ഡിനന്‍സ് നിയമ പ്രാബല്യമുണ്ടാകും. ആറാഴ്ചയ്ക്കുള്ളില്‍ ബില്‍ അവതരിപ്പിച്ച് പാസാക്കിയില്ലെങ്കില്‍ ഓര്‍ഡിനന്‍സ് റദ്ദാകും.


ഓര്‍ഡിനന്‍സ് റദ്ദ് ചെയ്യണമെന്ന പ്രമേയം സഭയില്‍ അവതരിപ്പിച്ച് പാസാക്കിയെടുക്കാം എന്നായിരുന്നു മറ്റൊരു വഴി. എന്നാല്‍ സഭാ സമ്മേളനം ഇനി ജനുവരിയിലേ ഉണ്ടാകൂ. ഓര്‍ഡിനന്‍സ് റദ്ദ് ചെയ്യാനുള്ള തീരുമാനം വൈകുംതോറും രാഷ്ട്രീയ സമ്മര്‍ദ്ദമേറും എന്നതിനാലാണ് സര്‍ക്കാര്‍ മൂന്നാമത്തെ വഴി തേടിയത്. മന്ത്രിസഭ ശുപാര്‍ശ ചെയ്താല്‍ ഗവര്‍ണര്‍ക്ക് ഓര്‍ഡിനന്‍സ് പിന്‍വലിക്കാം. ഈ വഴിയാണ് സര്‍ക്കാര്‍ നോക്കിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K