25 November, 2020 06:38:25 PM


സ്പ്രിംക്ലർ കരാർ പരിശോധിക്കാന്‍ വീണ്ടും സമിതിയെ നിയോഗിച്ച് സർക്കാർ



തിരുവനന്തപുരം: സ്പ്രിംക്ലർ കരാർ പരിശോധിക്കാന്‍ വേണ്ടി വീണ്ടും സമിതിയെ നിയോഗിച്ച് സർക്കാർ. ആദ്യ സമിതിയുടെ കണ്ടെത്തലുകളും പുതിയ സമിതി പരിശോധിക്കും. ടേംസ് ഓഫ് റഫറന്‍സ് ആദ്യ സമിതിക്ക് സമാനമാണ്. ഇതോടെ ആദ്യ റിപ്പോർട്ട് അട്ടിമറിക്കാനാണ് പുതിയ സമിതിയെന്ന ആക്ഷേപം ഉയരാനിടയുണ്ട്.


അസാധാരണ സാഹചര്യത്തിലെ അസാധാരണ തീരുമാനമെന്നായിരുന്നു സ്പ്രിംക്ലർ കരാറിനെ സർക്കാർ വിശേഷിപ്പിച്ചിരുന്നത്. കരാറാകെ വിവാദമായതോടെ മുന്‍ വ്യോമയാന സെക്രട്ടറി മാധവന്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചു. കരാർ നല്‍കിയതിലെ വീഴ്ചകള്‍ അക്കമിട്ട് നിരത്തി റിപ്പോർട്ടും സമർപ്പിച്ചു. ഒപ്പം ശുപാർശകളും. എന്നാല്‍ റിപ്പോർട്ട് സർക്കാർ പുറത്ത് വിട്ടില്ല. അതിന്‍മേല്‍ മറ്റൊരു നടപടിക്കും മുതിരാതെ അത് കൂടി പഠിക്കാനായി പുതിയ സമിതിയെ നിയോഗിക്കുകയാണ് സർക്കാർ ചെയ്തത്.


റിട്ട.ജില്ലാ ജഡ്ജി കെ ശശിധരന്‍ നായർ, കംപ്യൂട്ടർ സയന്‍സ് വിദഗ്ധരായ ഡോ വിനയ ബാബു, ഡോ ഉമേഷ് ദിവാകരന്‍ എന്നിവരാണ് പുതിയ സമിതി അംഗങ്ങള്‍. ആദ്യ സമിതിയുടെ ടേംസ് ഓഫ് റഫറന്‍സിലുണ്ടായിരുന്ന നടപടി ക്രമങ്ങളിലെ വീഴ്ച, അസാധാരണ സാഹചര്യത്തിലെ തീരുമാനം, ഡേറ്റാ സെക്യൂരിറ്റി തുടങ്ങിയവ പുതിയ സമിതിയുടെ പരിശോധനയിലും ഉള്‍പ്പെടുത്തി. ഭാവിയില്‍‌ സ്വീകരിക്കേണ്ട നടപടികള്‍ സമര്‍പ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഒരു വിദഗ്ധ സമിതിയുടെ റിപോര്‍ട്ട് വിലയിരുത്താന്‍ മറ്റൊരു വിദഗ്ധ സമിതിയ‌െ നിയോഗിച്ചതിലൂടെ സ‍ര്‍ക്കാര്‍ ആദ്യ റിപോര്‍ട്ട് പൂര്‍ണമായും അംഗീകരിക്കുന്നില്ലെന്ന സൂചനകള്‍ കൂടിയാണ് പുറത്ത് വരുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K