20 November, 2020 03:36:38 PM
ജോസഫിന് തിരിച്ചടി; ജോസ് പക്ഷത്തിന് രണ്ടില ചിഹ്നം അനുവദിച്ച് ഹൈക്കോടതി വിധി
കൊച്ചി: കേരള കോണ്‍ഗ്രസ് രണ്ടില ചിഹ്നതര്ക്കത്തിന് അവസാനം. ജോസ് പക്ഷത്തിന് രണ്ടില ചിഹ്നം അനുവദിച്ച് ഹൈക്കോടതി ഉത്തരവിട്ടു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഹൈക്കോടതി ശരിവച്ചു.
നേരത്തെ ജോസ് കെ.മാണിക്ക് ചിഹ്നം അനുവദിച്ചുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. പി.ജെ. ജോസഫിന്റെ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് റദ്ദാക്കിയത്.
ഇരുപക്ഷവും തമ്മിലുള്ള തർക്കത്തെ തുടർന്ന് രണ്ടില ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചിരുന്നു. ജോസ് വിഭാഗവും ജോസഫ് വിഭാഗവും രണ്ടില ചിഹ്നം അനുവദിക്കണമെന്ന അവകാശവാദം ഉന്നയിച്ചതിനെത്തുടര്‍ന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിച്ചത്.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി കേരള കോണ്‍ഗ്രസ് (എം) പി.ജെ ജോസഫ് വിഭാഗത്തിന് ചെണ്ടയും കേരള കോണ്‍ഗ്രസ് (എം) ജോസ് കെ. മാണി വിഭാഗത്തിന് ടേബിള്‍ ഫാനും അനുവദിച്ചുകൊണ്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അതാത് വിഭാഗം ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് ചിഹ്നം അനുവദിച്ചത്.