15 November, 2020 11:56:20 PM
ബിജെപിയുടെ വിരട്ടൽ കേരളത്തില്‍ വേണ്ട; വടക്കേ ഇന്ത്യയില്‍ മതി - തോമസ് ഐസക്
കൊച്ചി: ബിജെപിയുടെ ഭീഷണി കേരളത്തില്‍ വേണ്ടെന്നും അതൊക്കെ വടക്കേ ഇന്ത്യയില്‍ മതിയെന്നും മന്ത്രി തോമസ് ഐസക്. ഇഡിയെയും മറ്റും ഉപയോഗിച്ച് സൂത്രപണികള്‍ നടത്തുന്നതുപോലെ സിഎജിയെയും ഉപയൊഗിക്കാമൈന്ന ബിജെപിയുടെ വിചാരം കേരളത്തില്‍ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബിയുമായി ബന്ധപ്പെട്ട കെ. സുരേന്ദ്രന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
ഭരണഘടനാ സ്ഥാപനങ്ങള്‍ ഭരണഘടനയ്ക്കു വിധേയമായി പ്രവര്‍ത്തിക്കണം. ബിജെപിയുടെയും ആര്‍എസ്എസിന്റെയും ഓഫീസില്‍ നിന്നുള്ള കല്പനകള് ശിരസാവഹിക്കലല്ല അവരുടെ നിയോഗം. ബിജെപിയുടെ ഒരു ഉമ്മാക്കിക്കു മുന്നിലും കേരളം കീഴടങ്ങില്ല.
രണ്ടുതവണ പിന്‍വലിച്ച ഹര്‍ജി ബിജെപി നേതാവ് വീണ്ടും സിഎജിയെ കക്ഷി ചേര്‍ത്ത് നല്കുന്നു. കോണ്‍ഗ്രസ് നേതാവ് ഹാജരാകുന്നു. സിഎജി കരട് റിപ്പോര്‍ട്ട് വരുന്നു. ഇതൊക്കെ പരസ്പര ബന്ധമില്ലാതെ നടക്കുന്നതാണെന്ന് വിശ്വസിക്കാന്‍ ആരും മണ്ടന്മാരല്ല. കിഫ്ബിയിലേക്ക് കള്ളപണം വഴി എങ്ങനെ വരുന്നതെന്ന് കെ. സുരേന്ദ്രന് പറഞ്ഞുതന്നാല്‍ അത് വിജ്ഞാനപ്രദമാകും. സര്‍ക്കാര്‍ നല്കുന്ന ഗ്രാന്റും ബോണ്ട് വഴിയുള്ള വായ്പയും മാത്രമാണ് വരുമാനം. ഇതിലെങ്ങനെ കള്ളപണം വരുമെന്ന് സുരേന്ദ്രന് പറയണം.
അഭിഭാഷകനെന്ന നിലയിലാണ് ബിജെപി നേതാവിന്റെ ഹര്‍ജിയില്‍ ഹാജരാകുന്നതെന്ന് മാത്യൂ കുഴല്നാടന് പറയുമ്പോള്‍ അദ്ദേഹം തന്റെ ആശയമെന്തെന്ന് വ്യക്തമാക്കണം. വികസന പദ്ധതികള്‍ക്ക് വായ്പ എടുക്കാനുള്ള അധികാരം വേണ്ടെന്നാണോ കെപിസിസി സെക്രട്ടറി എന്ന നിലയില്‍ അദ്ദേഹത്തിന്റെ നിലപാട്. ബിജെപിയുടെ ബി ടീമാകുംമുമ്പ് ഉമ്മന്ചാണ്ടിയോടെങ്കിലും ചെന്നിത്തലയും കുഴല്‍നാടനും കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കണമെന്നും ഐസക്ക് ആവശ്യപ്പെട്ടു.