11 November, 2020 06:16:12 AM
ആകാംഷയ്ക്ക് അവസാനം: ബിഹാറിൽ എൻഡിഎയ്ക്ക് അധികാരത്തുടർച്ച
പാറ്റ്ന: ചൊവ്വാഴ്ച രാവിലെ എട്ടിനു തുടങ്ങിയ ആകാംഷയ്ക്കും നെഞ്ചിടിപ്പിനും വിരാമമിട്ട് ബിഹാറിൽ എൻഡിഎയ്ക്ക് അധികാരത്തുടർച്ച. ആകെയുള്ള 243 സീറ്റുകളിൽ 125 എണ്ണം നേടിയാണ് എൻഡിഎ വിജയം നേടിയത്. ബുധനാഴ്ച പുലർച്ചെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ ഉദ്ധരിച്ച് വിവിധ വാർത്താ ഏജൻസികൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ബിജെപി- 74, ജെഡിയു- 43, വിഐപി- 4, എച്ച്എഎം- 4 എന്നിങ്ങനെയാണ് എൻഡിഎയുടെ സീറ്റ് നില. വിശാല സഖ്യത്തിന് 110 സീറ്റുകളിലാണ് വിജയം നേടാനായത്. ആർജെഡി- 75, കോണ്ഗ്രസ്- 19, ഇടത്- 16 എന്നിങ്ങനെയാണ് സീറ്റ് നില. അസദുദീൻ ഒവൈസിയുടെ എഐഎംഐഎം അഞ്ചു സീറ്റുകളിലും ബിഎസ്പി, ചിരാഗ് പസ്വാന്റെ എൽജെപി എന്നീ പാർട്ടികൾ ഓരോ സീറ്റിലും വിജയിച്ചു.
ചൊവ്വാഴ്ച രാവിലെ വോട്ടെണ്ണൽ ആരംഭിക്കുന്പോൾ ഏവരും പ്രതീക്ഷിച്ചിരുന്നത് ഉച്ചയ്ക്ക് 12 ഓടെ ഫലപ്രഖ്യാപനം പൂർത്തിയാകും എന്നായിരുന്നു. എന്നാൽ, വോട്ടെണ്ണൽ പിന്നെയും നീണ്ടു. കോവിഡ് പ്രട്ടോക്കോൾ പാലിച്ച് വോട്ടെണ്ണുന്നതിനാലാണ് ഫലപ്രഖ്യാപനം വൈകുന്നത് എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണവും ഇതിനിടെ എത്തി.
വോട്ടെണ്ണൽ തുടങ്ങിയപ്പോൾ മഹാസഖ്യത്തിനായിരുന്നു മുന്നേറ്റം. രണ്ടു മണിക്കൂർ പിന്നിട്ടപ്പോൾ എൻഡിഎ മുന്നിലെത്തി. ഉച്ചയ്ക്ക് ശേഷം ലീഡ് നിലയിലെ അന്തരം കുറഞ്ഞു. വൈകിട്ടോടെ കാര്യങ്ങളെന്താകും എന്ന ആകാംഷ സമ്മാനിച്ച് ലീഡ് നില നേരിയ വ്യത്യാസത്തിലെത്തി.
30ലേറെ സീറ്റുകളിൽ ലീഡുള്ള വോട്ടുകളുടെ എണ്ണത്തിലെ കുറവും ആകാംഷ വർധിപ്പിച്ചു. ഇതിനിടെ ചൊവ്വാഴ്ച രാത്രി വൈകി തെരഞ്ഞെടുപ്പ് കാമ്മീഷൻ മാധ്യമങ്ങളെ കാണുകയും ചെയ്തു. വോട്ടെണ്ണൽ ഒരു മണിക്കൂറിനകം പൂർത്തീകരിക്കുമെന്നായിരുന്നു കമ്മീഷൻ അറിയിച്ചത്. എന്നാൽ, ഫലം വരാൻ പിന്നെയും വൈകുകയായിരുന്നു. ഒടുവിൽ 21 മണിക്കൂറിനു ശേഷവും ലീഡ് നിലനിർത്തിയ എൻഡിഎ എക്സിറ്റ് പോൾ ഫലങ്ങളെ നിഷ്പ്രഭമാക്കി ഭരണത്തുടർച്ച ഉറപ്പിക്കുകയായിരുന്നു.