10 November, 2020 08:37:59 AM
ബിഹാർ: ആദ്യഫലങ്ങളിൽ മുൻതൂക്കം 'മഹാസഖ്യ'ത്തിന്
ബിഹാർ അസംബ്ലി തെരഞ്ഞെടുപ്പിൽ ആദ്യഫലം അറിവായപ്പോൾ മുൻതൂക്കം രാഷ്ട്രീയ ജനതാദളും കോൺഗ്രസും നേതൃത്വം നൽകുന്ന 'മഹാസഖ്യത്തിന്'. ആദ്യ ലീഡ് നില പുറത്തുവന്നപ്പോൾ 72 മണ്ഡലങ്ങളിൽ ആര്‍ജെഡി സഖ്യവും 40 ഇടങ്ങളിൽ എൻ.ഡി.എയുമാണ് മുന്നേറുന്നത്.
243 അസംബ്ലി സീറ്റുകളുള്ള ബിഹാറിൽ മൂന്ന് ഘട്ടങ്ങളിലായാണ് പോളിങ് നടന്നത്. നവംബർ 7-ലെ മൂന്നാം ഘട്ടത്തിനു ശേഷം പുറത്തുവിട്ട വിവിധ എക്‌സിറ്റ്‌പോൾ ഫലങ്ങൾ മഹാസഖ്യം അധികാരത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്. ടൈംസ് നൗ സി വോട്ടർ എക്‌സിറ്റ് പോൾ മഹാസഖ്യത്തിന് 120 സീറ്റും എൻ.ഡി.എക്ക് 116 സീറ്റും പ്രവചിക്കുന്നു. ഇന്ത്യാ ടുഡേ ആക്‌സിസ്: മഹാസഖ്യം 150, എൻ.ഡി.എ 80, റിപ്പബ്ലിക് ജൻകി ബാത് മഹാസഖ്യം 128, എൻ.ഡി.എ 104, ടുഡേസ് ചാണക്യ മഹാസഖ്യം 180, എൻ.ഡി.എ 55 എന്നിങ്ങനെയാണ് മറ്റ് ഏജൻസികളുടെ എക്‌സിറ്റ് പോൾ ഫലങ്ങൾ.
കോവിഡ് 19 മഹാമാരിക്കിടെ രാജ്യത്ത് ഇതാദ്യമായി നടന്ന സംസ്ഥാന തെരഞ്ഞെടുപ്പിൽ 57 ശതമാനമാളുകൾ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. തുടർച്ചയായി നാലാം തവണ മുഖ്യമന്ത്രിപദം ലക്ഷ്യമിടുന്ന ജെ.ഡി.യു തലവൻ നിതീഷ് കുമാർ എൻ.ഡി.എയുടെയും മുൻ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് മഹാസഖ്യത്തിന്റെയും മുഖ്യമന്ത്രി സ്ഥാനാർത്ഥികളാണ്.